
ന്യൂഡൽഹി: റോഡിൽ നമസ്കരിക്കുന്നത് തെറ്റാണെന്ന് കരുതുന്നുണ്ടെങ്കിൽ, ഭരണഘടനയുടെ 25-ആം അനുച്ഛേദം മുൻനിർത്തി എല്ലാ മതങ്ങളുടെയും മതപരമായ പ്രവർത്തനങ്ങൾക്കും സമാനമായ നിയന്ത്രണങ്ങൾ ബാധകമാക്കണമെന്ന് എ.ഐ.എം.ഐ.എം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസി. പൗരന്മാർക്ക് അവരുടെ മതം സ്വതന്ത്രമായി വിശ്വസിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള അവകാശം ഉറപ്പുനൽകുന്നതാണ് ഈ വകുപ്പ്. ഒരു ഈദ് മിലൻ ചടങ്ങിൽ സംസാരിക്കവെ, പൊതുസ്ഥലങ്ങളിലെ നമസ്കാരത്തിനെതിരെയുള്ള ആക്ഷേപങ്ങൾ ഇരട്ടത്താപ്പാണെന്ന് ഒവൈസി വാദിച്ചു. മറ്റ് സമുദായങ്ങൾ സംഘടിപ്പിക്കുന്ന മതപരമായ ഘോഷയാത്രകൾക്കും ഒത്തുചേരലുകൾക്കും എതിരെ എന്തുകൊണ്ടാണ് ഇത്തരം ആശങ്കകൾ ഉയരാത്തതെന്നും അദ്ദേഹം ചോദിച്ചു.
ഭരണഘടനയുടെ 25-ആം അനുച്ഛേദം ഓർക്കുക. റോഡിൽ പ്രാർത്ഥന നടത്തുന്നത് തെറ്റാണെങ്കിൽ, എല്ലാ മതങ്ങളുടെയും ഉത്സവങ്ങൾ റോഡിൽ നടത്തുന്നതും തെറ്റാണ്. ആരുടെയെങ്കിലും ഉത്സവ സമയത്ത് ഇറച്ചിക്കടകൾ അടച്ചിടണമെന്ന് നിങ്ങൾ പറയുകയാണെങ്കിൽ, റമദാനിലെ 30 ദിവസവും മദ്യഷാപ്പുകൾ അടച്ചിടണമെന്നും ഒവൈസി പറഞ്ഞു.
രാജ്യത്ത് ഇരട്ടത്താപ്പാണ് നിലനിൽക്കുന്നതെന്ന് ആരോപിച്ച ഒവൈസി, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗങ്ങളിൽ ജനങ്ങൾക്ക് എതിർപ്പില്ലെന്നും എന്നാൽ ബാങ്ക് വിളിക്കുന്നതിനും നമസ്കരിക്കുന്നതിനും അവർക്ക് എതിർപ്പുണ്ട്. ചില ഹൈന്ദവ ഉത്സവ വേളകളിൽ മുട്ട, ഇറച്ചി, കോഴി എന്നിവയുടെ വിൽപ്പനയ്ക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനെ ചോദ്യം ചെയ്ത അദ്ദേഹം, ഇത് എന്തുതരം നിയമമാണ് എന്നും ചോദിച്ചു.
നിങ്ങളുടെ വിദ്വേഷം മുസ്ലിങ്ങളോട് മാത്രമാണ്. ഈ മതത്തിന്റെ അനുയായികളെ അടിച്ചമർത്താനും അവരെ പാർശ്വവൽക്കരിക്കാനും നിങ്ങൾ ആഗ്രഹിക്കുന്നുവെന്ന് നിങ്ങളുടെ വിദ്വേഷം വ്യക്തമായി കാണിക്കുന്നു. അവരെ രണ്ടാം തരം പൗരന്മാരാക്കാനാണ് നിങ്ങൾ ആഗ്രഹിക്കുന്നത്.
റമദാനോ ബക്രീദോ പോലുള്ള പ്രധാന മുസ്ലിം ആഘോഷങ്ങൾ അടുക്കുമ്പോഴെല്ലാം ബാങ്ക് വിളിക്കുന്നതിനെയും നമസ്കാരത്തെയും സംബന്ധിച്ച പ്രശ്നങ്ങൾ മനഃപൂർവം ഉന്നയിക്കപ്പെടുകയാണെന്ന് എന്നും ഒവൈസി ആരോപിച്ചു. മറ്റ് മതപരമായ യാത്രകളോടും ഘോഷയാത്രകളോടും ഉപമിച്ചുകൊണ്ട് ഒവൈസി തന്റെ വിമർശനം തുടർന്നു. അത്തരം പരിപാടികളുടെ സമയത്ത് റോഡുകൾ വലിയ തോതിൽ ഉപയോഗിക്കാറുണ്ടെന്നും എന്നാൽ അവിടെയൊന്നും സമാനമായ എതിർപ്പുകൾ ഉണ്ടാകാറില്ലെന്നും അദ്ദേഹം പറഞ്ഞു. പൊതുസ്ഥലങ്ങളിലെ പ്രാർത്ഥനകളെച്ചൊല്ലി രാഷ്ട്രീയ സംവാദങ്ങൾ നടക്കുന്നതിനിടയിലും, മതപരമായ ഒത്തുചേരലുകൾ ഗതാഗതത്തെയോ പൊതുജനങ്ങളുടെ സഞ്ചാരത്തെയോ തടസ്സപ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കാൻ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച പശ്ചാത്തലത്തിലാണ് ഈ പരാമർശങ്ങൾ.
അടുത്തിടെ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞത്, നമസ്കാരം നിയന്ത്രിത രീതിയിൽ നിർവ്വഹിക്കണമെന്നും പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാതിരിക്കാൻ ആവശ്യമെങ്കിൽ ഒന്നിലധികം ഷിഫ്റ്റുകളായി നടത്താമെന്നുമാണ്. കൊൽക്കത്തയിലെ ഈദ് കൂട്ടായ്മ റോഡുകളിലേക്ക് നീളുന്നത് തടയാനായി, സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള പശ്ചിമ ബംഗാൾ സർക്കാർ ഈ ഒത്തുചേരൽ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിലേക്ക് മാറ്റാൻ തീരുമാനിച്ചിരുന്നു.






