
മലപ്പുറം: ചെമ്മാട് വന്‍തോതില്‍ സ്ഫോടകവസ്തുക്കള്‍ പിടികൂടിയ സംഭവത്തില്‍ അഞ്ചു ജില്ലകളില്‍ അന്വേഷണം ശക്തമാക്കി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). മലപ്പുറം, കോഴിക്കോട്, പാലക്കാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് പരിശോധന. കോഴിക്കോട് മുക്കം സ്വദേശികളായ പ്രതികളെ കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം പുരോഗമിക്കുന്നത്.
കടുമേനി സ്വദേശിയായ ജോര്‍ജിന്റെ വസതിയില്‍ നടത്തിയ തിരച്ചിലില്‍ അഞ്ചുവര്‍ഷത്തോളം പഴക്കമുള്ള ജലാറ്റിന്‍ സ്റ്റിക്കുകള്‍ എന്‍ഐഎ കണ്ടെടുത്തു. കേസ്സിലെ ഒരു പ്രതിയുടെ ഭാര്യവീട് സ്ഥിതി ചെയ്യുന്ന വണ്ടൂര്‍ മേഖലയിലും അന്വേഷണസംഘം പരിശോധന നടത്തി. മുക്കം സ്വദേശി ഹാരിസിന്റെ വസതിയിലും, അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള 'ബ്രിക്സ്' എന്ന സ്ഥാപനത്തിലും റെയ്ഡ് നടന്നു. ഈ സ്ഥാപനത്തില്‍ നിന്ന് കേസിന്റെ നിര്‍ണായക വഴിത്തിരിവാകാന്‍ സാധ്യതയുള്ള വിവരങ്ങള്‍ ലഭിക്കുമെന്നാണ് എന്‍ഐഎയുടെ കണക്കുകൂട്ടല്‍.
കഴിഞ്ഞ ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ക്വാറി ആവശ്യങ്ങള്‍ക്കായി എത്തിച്ചു എന്ന വ്യാജേന ഉള്ളിച്ചാക്കുകളില്‍ ഒളിപ്പിച്ച് ലോറിയില്‍ കടത്തുകയായിരുന്ന വന്‍ സ്ഫോടകവസ്തു ശേഖരം പോലീസ് പിടികൂടുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മുക്കം സ്വദേശികളായ പ്രതികള്‍ പിടിയിലാകുന്നത്. തുടക്കത്തില്‍ ഇത് സാധാരണ ക്വാറി മാഫിയയുമായി ബന്ധപ്പെട്ട കേസാണെന്ന് കരുതിയെങ്കിലും, വന്‍തോതില്‍ നിയമവിരുദ്ധമായി സ്ഫോടകവസ്തുക്കള്‍ കടത്തിയതിനു പിന്നിലെ യഥാര്‍ത്ഥ ലക്ഷ്യവും കൂടുതല്‍ വിവരങ്ങളും പുറത്തുകൊണ്ടുവരാനാണ് ശ്രമം. ഒരേസമയത്താണ് ഇത്രയും ഇടങ്ങളില്‍ റെയ്ഡ് നടന്നത്.






