
തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ പരിപാടികളിലും നിയമസഭയിലും വന്ദേമാതരം ആലപിക്കുന്നത് വലിയ വിവാദങ്ങൾക്ക് കാരണമാകുന്ന അവസരത്തിൽ, പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അധ്യക്ഷനായ പരിപാടിയിൽ വന്ദേമാതരം മുഴുവനായി ആലപിച്ചത് ശ്രദ്ധേയമായി. തിരുവനന്തപുരം ഭാഗ്യമാല ഹാളിൽ നടന്ന കോൺഗ്രസ് എസ് പുനഃസ്ഥാപന ദിനാഘോഷ പരിപാടിയുടെ തുടക്കത്തിൽ തന്നെ വന്ദേമാതരം മുഴുവനായി കേൾപ്പിക്കുകയായിരുന്നു.
പിണറായി വിജയനും കടന്നപ്പള്ളി രാമചന്ദ്രനും വേദിയിലിരിക്കെയാണ് വന്ദേമാതരം ആലപിച്ചത്. അതേസമയം, മുഖ്യമന്ത്രിയുടെയും മറ്റു മന്ത്രിമാരുടെയും സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം മുഴുവനായി ആലപിച്ചതിനെതിരെ സിപിഎം രംഗത്ത് വന്നിരുന്നു. കേരള നിയമസഭയുടെ ചരിത്രത്തിൽ ആദ്യമായി കഴിഞ്ഞ ദിവസം വന്ദേമാതരം ആലപിച്ചിരുന്നു. മുഴുവനായി ആലപിക്കണമെന്ന് ലോക്ഭവന്റെ നിർദേശം ഉണ്ടായിരുന്നിട്ടും ആദ്യ ഭാഗം മാത്രമാണ് ആലപിച്ചത്. നേരത്തെയുള്ള വിമർശനത്തിനെ മറികടക്കാനായിരുന്നു ഇത്.
അതേസമയം, പരിപാടിയിൽ സംസാരിക്കവെ കേന്ദ്ര സർക്കാരിനെതിരെ പിണറായി രൂക്ഷ വിമർശനം ഉന്നയിച്ചു. സാമ്പത്തിക ഫെഡറലിസം കേന്ദ്രം അട്ടിമറിക്കുകയാണെന്നും, അമേരിക്കൻ തിട്ടൂരങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കുന്ന കേന്ദ്രസർക്കാർ രാജ്യത്തിന്റെ പരമാധികാരം പണയം വെക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സ്വതന്ത്രമായി ഇന്ധനം വാങ്ങാൻ പോലും കഴിയാത്ത അവസ്ഥയാണുള്ളതെന്നും പിണറായി ചൂണ്ടിക്കാട്ടി.






