
കൊച്ചി: 'കോക്രോച്ച് ജനതാ പാർട്ടി' എന്ന വെർച്വൽ രാഷ്ട്രീയ കൂട്ടായ്മ കേരളത്തിൽ ആദ്യ യോഗം ചേരുന്നുവെന്ന് സാമൂഹിക മാധ്യമ പ്രചാരണം. കൊച്ചിയിലെ മറൈൻ ഡ്രൈവിൽ ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് യോഗം ചേരും എന്നാണ് ടെലിഗ്രാം അക്കൗണ്ട് വഴിയുള്ള പ്രചാരണം. യോഗത്തിന്റെ അജൻഡയും സന്ദേശത്തിലുണ്ട്. എന്നാൽ, ആരാണ് പ്രചാരണത്തിനു പിന്നിലെന്ന് വ്യക്തമല്ല.
എന്നാൽ, ഈ ഒത്തുചേരലിന് പിന്നിൽ ആരാണെന്നോ, ക്ഷണക്കത്ത് പുറപ്പെടുവിച്ചത് ആരാണെന്നോ ഉള്ള വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. കൂടാതെ മറൈൻ ഡ്രൈവിൽ കൃത്യമായി ഏത് ഭാഗത്താണ് ആളുകൾ ഒത്തുകൂടേണ്ടത് എന്ന കാര്യത്തിലും വ്യക്തതയില്ല. എന്നാൽ, ഇതു സംബന്ധിച്ച ഓൺലൈൻ പ്രചാരണം ശക്തമാണ്. സമാധാനപരമായ ഒരു ഒത്തുചേരൽ എന്നുമാത്രമാണ് സന്ദേശത്തിലുള്ളത്.
വിരമിച്ച ചീഫ് ജസ്റ്റിസുമാർക്ക് രാജ്യസഭാ സീറ്റുകൾ നൽകരുത്, വോട്ടർമാരുടെ പേര് വെട്ടിമാറ്റുന്നതിനെതിരെ ഭീകരവിരുദ്ധ നിയമപ്രകാരം കേസെടുക്കുക, പാർലമെന്റിലും കാബിനറ്റിലും 50% സ്ത്രീ സംവരണം, ശതകോടീശ്വരന്മാരായ വ്യവസായികളുടെ മാധ്യമ ലൈസൻസുകൾ റദ്ദാക്കുക, രാഷ്ട്രീയ കൂറുമാറ്റക്കാർക്ക് 20 വർഷത്തെ വിലക്കേർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സിജെപി രൂപീകൃതമായത്. യു എസിൽ താമസിക്കുന്ന അഭിജിത് ദീപ്കെ ആണ് സിജെപിയുടെ സ്ഥാപകൻ.






