
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിന്റെ രണ്ടാം സ്ഥാനക്കാരനായ അഭിഷേക് ബാനർജി എംപിക്ക് നേരെ ആക്രമണം നടന്ന് ഒരു ദിവസം പിന്നിടുമ്പോൾ, പശ്ചിമ ബംഗാളിൽ മറ്റൊരു പാർട്ടി എം.പിക്ക് നേരെയും ജനക്കൂട്ടത്തിന്റെ ആക്രമണം. തൃണമൂൽ എം.പി കല്യാൺ ബാനർജിക്ക് നേരെയായിരുന്നു ഇന്ന് ആക്രമണം നടന്നത്.
ഇന്ന് രാവിലെ സ്വന്തം മണ്ഡലത്തിൽ വെച്ചാണ് കല്യാൺ ബാനർജിക്ക് നേരെ കൈയേറ്റമുണ്ടായത്. ഹൂഗ്ലിയിലെ ചണ്ഡിതാലയിൽ വെച്ച് തൃണമൂൽ എം.പി കല്യാൺ ബാനർജിയുടെ തലയ്ക്ക് അടിയേൽക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. സുരക്ഷാ ജീവനക്കാർ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു ആക്രമണം. അടിയേറ്റയുടൻ തലയിൽ കൈവെച്ചുകൊണ്ട് കല്യാൺ നിലത്തേക്ക് വീണു.
ശനിയാഴ്ച ദക്ഷിണ 24 പർഗാനാസിലെ സോനാർപൂരിൽ വെച്ച് അഭിഷേക് ബാനർജിക്ക് നേരെ ഉണ്ടായ ജനരോഷത്തിന് സമാനമായി, കല്യാൺ ബാനർജിക്ക് നേരെയും കരിങ്കൊടി കാട്ടുകയും 'ചോർ ചോർ' (കള്ളൻ കള്ളൻ) എന്ന് മുദ്രാവാക്യം വിളിക്കുകയും ചെയ്തു.






