
ന്യൂഡൽഹി: വിയറ്റ്നാമിന് ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈൽ കയറ്റുമതി ചെയ്യാനുള്ള കരാറിൽ ഇന്ത്യ ഒപ്പുവെച്ചതായും, ഇന്തോനേഷ്യയുമായുള്ള സമാനമായ മറ്റൊരു കരാർ അവസാന ഘട്ടത്തിലാണെന്നും പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിംഗപ്പൂർ സന്ദർശനത്തിനിടെ അറിയിച്ചു.
ഷാംഗ്രി-ലാ ഡയലോഗ് സുരക്ഷാ ഉച്ചകോടിയിൽ സംസാരിക്കവെ, വിയറ്റ്നാമുമായുള്ള കരാർ ഇതിനകം ഒപ്പിട്ടുകഴിഞ്ഞതായും എന്നാൽ അത് ഇതുവരെ ഔദ്യോഗികമായി പരസ്യപ്പെടുത്തിയിട്ടില്ലെന്നും സിംഗ് പറഞ്ഞു. ഇന്തോനേഷ്യയുമായുള്ള ചർച്ചകൾ പൂർത്തിയായി വരികയാണെന്നും കരാർ ഉടൻ യാഥാർത്ഥ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിയറ്റ്നാമുമായുള്ള കരാർ ഏകദേശം 5,800 കോടി രൂപയുടേതാണെന്നാണ് റിപ്പോർട്ടുകൾ. ഇതിൽ തീരദേശ പ്രതിരോധ മിസൈൽ ബാറ്ററികൾ, മിസൈലുകളുടെ ആദ്യ ബാച്ച്, പരിശീലനം, ലോജിസ്റ്റിക്സ് പിന്തുണ എന്നിവ ഉൾപ്പെടുന്നു. ബ്രഹ്മോസിന്റെ വായുവിൽ നിന്ന് തൊടുക്കാവുന്ന പതിപ്പും വിയറ്റ്നാം വാങ്ങിയേക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു
ഫിലിപ്പീൻസ് ആണ് ബ്രഹ്മോസ് മിസൈൽ സംവിധാനം വാങ്ങുന്ന ആദ്യ വിദേശ രാജ്യം. 2022-ൽ ഏകദേശം 375 മില്യൺ ഡോളറിന്റെ കരാറിൽ ഒപ്പുവച്ചുകൊണ്ടായിരുന്നു ഇത്. ദക്ഷിണ ചൈനാ കടലിൽ സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഈ പുതിയ നീക്കങ്ങൾ. വിയറ്റ്നാം, ഇന്തോനേഷ്യ, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങൾക്കെല്ലാം ചൈനയുമായി ഈ കടൽപ്രദേശത്തെ ചൊല്ലി തർക്കങ്ങളുണ്ട്. മേഖലയുടെ വലിയൊരു പങ്കും ചൈന അവകാശപ്പെടുമ്പോൾ, പല തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളും ഈ അവകാശവാദങ്ങളെ തള്ളിക്കളയുന്നു.
ലോകത്തിലെ ഏറ്റവും വേഗതയേറിയ ക്രൂയിസ് മിസൈലുകളിലൊന്നായാണ് ബ്രഹ്മോസ് കണക്കാക്കപ്പെടുന്നത്. ശബ്ദത്തിന്റെ വേഗതയേക്കാൾ മൂന്നിരട്ടി വേഗത്തിൽ (ഏകദേശം മാക് 3) സഞ്ചരിക്കാൻ ഇതിന് കഴിയും. ഈ മിസൈൽ വായുവിൽ നിന്നും കടലിൽ നിന്നും കരയിൽ നിന്നും തൊടുക്കാൻ സാധിക്കും. ഇതിന്റെ വേഗതയും കൃത്യതയുമാണ് ഏറ്റവും വലിയ കരുത്ത്. ശത്രുക്കപ്പലുകളെയോ പ്രധാന സൈനിക താവളങ്ങളെയോ അതിവേഗം ആക്രമിക്കാൻ കഴിയുമെന്നതിനാൽ, സമുദ്ര സുരക്ഷയിൽ ആശങ്കയുള്ള രാജ്യങ്ങൾക്ക് ഇത് വളരെ ആകർഷകമായ ഒരു തെരഞ്ഞെടുപ്പായിരിക്കും.
മലേഷ്യയും തായ്ലൻഡും ബ്രഹ്മോസ് മിസൈലുകൾ വാങ്ങുന്നതിനുള്ള സാധ്യതകൾ പരിശോധിച്ചുവരികയാണെന്നും റിപ്പോർട്ടുകളുണ്ട്. ഈ കരാറുകൾ കൂടി യാഥാർത്ഥ്യമായാൽ, ദക്ഷിണ ചൈനാ കടലിന് ചുറ്റുമുള്ള ഒട്ടുമിക്ക രാജ്യങ്ങളും ഇന്ത്യയുടെ മിസൈൽ സംവിധാനം ഉപയോഗിക്കുന്നവരായി മാറും.
2024-25 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി റെക്കോർഡ് ഉയരത്തിൽ എത്തിയിരുന്നു. 2030-ഓടെ ഇത് 50,000 കോടി രൂപയായി ഉയർത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്






