
കണ്ണൂർ: നവീൻ ബാബുവിന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം സിബിഐയ്ക്ക് വിടുന്ന തീരുമാനം രാഷ്ട്രീയപ്രേരിതമാണെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ്. സുപ്രീംകോടതി നവീൻ ബാബുവിന്റെ കുടുംബത്തിന്റെ ആവശ്യം തള്ളിയതാണ്. ഇക്കാര്യം ഉത്തരവിലൂടെ ആവശ്യപ്പെടാൻ പരമോന്നത നീതിപീഠമായ സുപ്രീം കോടതിയേക്കാൾ വലിയ ആളാണോ കേരളത്തിലെ മുഖ്യമന്ത്രിയെന്നും കെകെ. രാഗേഷ് ചോദിച്ചു.
മുഖ്യമന്ത്രി വി.ഡി. സതീശന്റെ സ്വന്തം അന്വേഷണ ഏജൻസിയായ വിജിലൻസിനേക്കാൾ അദ്ദേഹത്തിന് വിശ്വാസം സിബിഐയിൽ ആകുന്നത് എന്തുകൊണ്ടാണ്. ഇഡിയിലും സിബിഐയിലും വി.ഡി സതീശന് വലിയ വിശ്വാസമുണ്ടാകുന്നത് അപകടകരമായ കാര്യമാണ്. ഇക്കാര്യം കേരളീയ സമൂഹം അതീവ ഗൗരവത്തോടെ പരിഗണിക്കേണ്ട വിഷയമാണ് എന്നും രാഗേഷ് പറഞ്ഞു.
കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയും സഹോദരൻ പ്രവീൺ ബാബുവും മുഖ്യമന്ത്രി വി ഡി സതീശനെയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെയും നേരിൽക്കണ്ട് നിവേദനം സമർപ്പിച്ചിരുന്നു. ഇതെ തുടർന്നാണ് സർക്കാർ സിബിഐ അന്വേഷണത്തിനായി ശുപാർശ ചെയ്യാൻ തീരുമാനിച്ചത്.






