
തിരുവനന്തപുരം: ഒന്നര വയസുകാരന് അര്‍ഷിതിന്റെ മരണത്തില്‍ അമ്മ അഖിലയുടെ പങ്കും പോലീസ് അന്വേഷിക്കുന്നുണ്ട്. അഖിലയുടെ മൊഴികളില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തിയതായും കുഞ്ഞിനെ അഷ്കര്‍ മര്‍ദിക്കുന്ന വിവരം അമ്മയ്ക്ക് അറിയാമായിരുന്നുവെന്നും പോലീസ് പറയുന്നു. അഖിലയുടെ സുഹൃത്തിനെതിരേയും കുടുംബം ആരോപണം ഉന്നയിച്ചിട്ടുണ്ട്.
ഇക്കാര്യങ്ങളിലും അന്വേഷണം പുരോഗമിക്കുകയാണ്. പോസ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുഞ്ഞിന്റെ ശരീരത്തില്‍ 91 മുറിവുകള്‍ കണ്ടെത്തി. ആന്തരിക പരുക്കുകളുമുണ്ടായിരുന്നു. തലയില്‍ ഏല്‍പ്പിച്ച മര്‍ദനം ഗുരുതര ആന്തരിക രക്തസ്രാവത്തിന് ഇടയാക്കിയതായും കണ്ടെത്തിയിട്ടുണ്ട്.
പ്രതിയായ രണ്ടാനച്ഛന് അഷ്കറിനെ പനവൂരിലെ വാടകവീട്ടില്‍ തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ വന്‍ ജനരോഷം. ഞായറാഴ്ച രാവിലെ പതിനൊന്നോടെ വന്‍ പോലീസ് സന്നാഹത്തോടെയാണ് പ്രതിയെ സ്ഥലത്തെത്തിച്ചത്. പ്രതിയെ വണ്ടിയില്‍നിന്ന് പുറത്തിറക്കിയതു മുന്‍നിര്‍ത്തി സ്ത്രീകളടക്കമുള്ള വന്‍ ജനക്കൂട്ടം 'എന്ത് ക്രൂരതയാടാ ആ കുഞ്ഞിനോട് കാട്ടിയത്' എന്നാക്രോശിച്ചു പാഞ്ഞടുത്തു.
പോലീസിനെ വെട്ടിച്ച് ചിലര്‍ അഷ്കറിനെ കൈയേറ്റംചെയ്തു. പാടുപെട്ടാണ് പോലീസ് പ്രതിയെ വീടിനുള്ളിലേക്കു മാറ്റിയത്. അഷ്കര്‍ ഉപയോഗിച്ചിരുന്ന കാര്‍ നാട്ടുകാര്‍ അടിച്ചുതകര്‍ത്തു. വന്‍ പ്രതിഷേധത്തിനിടയില്‍ മിനിറ്റുകള്‍ക്കകം തെളിവെടുപ്പ് പൂര്‍ത്തിയാക്കി പോലീസ് പ്രതിയുമായി മടങ്ങി. കഴിഞ്ഞ ആറുമാസമായി പനവൂര്‍ കരിക്കുഴി നെല്ലിക്കുന്നിലെ വാടകവീട്ടിലാണ് അഷ്കറും അഖിലയും താമസിച്ചിരുന്നത്. അയല്‍ക്കാരുമായി ഇവര്‍ക്ക് യാതൊരു ബന്ധവുമില്ലായിരുന്നു. ഇടയ്ക്കിടെ വീട്ടില്‍നിന്ന് കുഞ്ഞിന്റെ കരച്ചില് കേള്‍ക്കാമായിരുന്നെന്നും അയല്‍ക്കാര്‍ പറഞ്ഞു.






