
കൊൽക്കത്ത: പശ്ചിമബംഗാളിൽ സുവേന്ദു അധികാരിയുടെ മന്ത്രിസഭ വികസിപ്പിച്ചു. 35 ബി.ജെ.പി എം.എൽ.എമാർ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു ഇതോടെ, ബംഗാൾ മന്ത്രിസഭയുടെ അംഗബലം 41 ആയി. 294 അംഗ നിയമസഭയിൽ ഒരു സർക്കാരിന് ഉണ്ടാകാവുന്ന പരമാവധി മന്ത്രിമാരുടെ എണ്ണത്തേക്കാൾ മൂന്ന് കുറവാണിത്.
മന്ത്രിസഭാ വികസനത്തിന്റെ ഭാഗമായി സ്വപൻ ദാസ്ഗുപ്ത, തപസ് റോയ്, ശങ്കർ ഘോഷ് എന്നിവരുൾപ്പെടെ 35 ബി.ജെ.പി എം.എൽ.എമാർ തിങ്കളാഴ്ച മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ലോക് ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആർ.എൻ. രവി ജനപ്രതിനിധികൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. 294 അംഗ നിയമസഭയിൽ 208 സീറ്റുകൾ നേടി സംസ്ഥാനത്ത് ആദ്യമായി ബി.ജെ.പി സർക്കാർ രൂപീകരിക്കുകയും, മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസിന്റെ 15 വർഷത്തെ ഭരണത്തിന് അറുതി വരുത്തുകയും ചെയ്തുകൊണ്ട് 55 കാരനായ സുവേന്ദു അധികാരി മെയ് ഒൻപതിന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് മൂന്ന് ആഴ്ചകൾക്ക് ശേഷമാണ് ഈ സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്.
അധികാരിയോടൊപ്പം ബി.ജെ.പി ജനപ്രതിനിധികളായ ദിലീപ് ഘോഷ്, അഗ്നിമിത്ര പോൾ, നിസിത് പ്രമാണിക്, അശോക് കിർത്താനിയ, ക്ഷുദിറാം തുഡു എന്നിവരും അന്ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. മന്ത്രിസഭയിൽ പുതിയ അംഗങ്ങളെ ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് അധികാരിയും സംസ്ഥാന ബിജെപി അധ്യക്ഷൻ സമിക് ഭട്ടാചാര്യയും കഴിഞ്ഞ ആഴ്ച ന്യൂഡൽഹിയിൽ പാർട്ടിയുടെ കേന്ദ്ര നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
സ്വപൻ ദാസ്ഗുപ്ത, ദൂത് കുമാർ മൊണ്ടൽ, ദീപക് ബർമൻ, മനോജ് ഒറാവോൺ, ഗൗരി ശങ്കർ ഘോഷ്, അർജുൻ സിംഗ്, തപസ് റോയ്, ശരദ്വത് മുഖർജി, ജഗന്നാഥ് ചതോപാധ്യായ, ശങ്കർ ഘോഷ് എന്നിവർ ക്യാബിനറ്റ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. രാജേഷ് മഹത, ഇന്ദ്രനീൽ ഖാൻ, മാലതി രാവ റോയ് എന്നിവർ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ശാന്തനു പ്രമാണിക്, പൂർണിമ ചക്രവർത്തി, ഉമേഷ് റായ്, ജോയൽ മുർമു, അശോക് ദിൻഡ, ആനന്ദമോയ് ബർമൻ, കൗശിക് ചൗധരി, ഗാർഗി ദാസ് ഘോഷ്, ഭാസ്കർ ഭട്ടാചാര്യ, ദിബാകർ ഘരാമി, സുമന സർക്കാർ എന്നിവർ സഹമന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു.






