
തിരുവനന്തപുരം: നിങ്ങൾ ഒരു യു.പി.ഐ ഉപഭോക്താവാണെങ്കിൽ, 2026 ജൂൺ 1 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ യുപിഐ നിയമത്തെക്കുറിച്ച് തീർച്ചയായും അറിഞ്ഞിരിക്കണം. നിങ്ങൾ ബില്ലുകൾ അടയ്ക്കുകയോ, സുഹൃത്തുക്കൾക്ക് പണം അയക്കുകയോ ചെയ്യുമ്പോൾ ഈ വിവരങ്ങൾ നിങ്ങൾക്ക് ഉപകാരപ്പെടും. നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ), എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ, രാജ്യത്തെ പ്രമുഖ ബാങ്കുകൾ എന്നിവർ ചേർന്നാണ് ഇന്ത്യയിലെ ഡിജിറ്റൽ ഇടപാടുകളുടെ സ്വഭാവം തന്നെ മാറ്റുന്ന പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്.
എൻപിസിഐ-യുടെ പുതിയ യു.പി.ഐ യഥാർത്ഥ നാമ നിയമം (Real-Name Rule) അനുസരിച്ച് എല്ലാ യു.പി.ഐ ആപ്പുകളും ഓരോ ഇടപാട് നടത്തുമ്പോഴും പണം സ്വീകരിക്കുന്ന ആളുടെ ബാങ്കിൽ രജിസ്റ്റർ ചെയ്ത യഥാർത്ഥ പേര് കാണിക്കണം എന്ന എൻ.പി.സി.ഐ-യുടെ നിർബന്ധിത നിയമമാണ് ഇതിലെ ഏറ്റവും വലിയ മാറ്റം. വ്യക്തികൾ തമ്മിലുള്ള ഇടപാടുകൾക്കും വ്യാപാരികൾക്കുള്ള പേയ്മെന്റുകൾക്കും ഇത് ബാധകമാണ്.
ജൂൺ 1-ന് മുൻപ് വരെ, ഫോൺപേ , ഗൂഗിൾ പേ, പേടിഎം തുടങ്ങിയ യുപിഐ ആപ്പുകൾക്ക് നിങ്ങളുടെ ഫോണിൽ സേവ് ചെയ്ത കോൺടാക്റ്റ് പേരോ, ബിസിനസ്സ് ക്യു.ആർ കോഡിൽ നൽകിയിരിക്കുന്ന പേരോ അല്ലെങ്കിൽ ഉപഭോക്താവ് സ്വയം നൽകിയ പേരോ കാണിക്കാൻ സാധിക്കുമായിരുന്നു. എന്നാൽ ഇതിന്റെ പോരായ്മ മുതലെടുത്ത്, തട്ടിപ്പുകാർ ആളുകളെ പറ്റിക്കുന്നതിനായി വ്യാജ പേരുകൾ ഉണ്ടാക്കുകയും തെറ്റായ വ്യക്തികളിലേക്ക് പണം അയക്കാൻ ഉപഭോക്താക്കളെ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു.
പുതിയ നിയമപ്രകാരം, പണം അയക്കുന്നതിനായി നിങ്ങളുടെ യുപിഐ പിൻ രേഖപ്പെടുത്തുന്നതിന് തൊട്ടുമുൻപ് കാണിക്കുന്ന പേര്, പണം സ്വീകരിക്കുന്ന വ്യക്തിയുടെ ബാങ്ക് അക്കൗണ്ടിലുള്ള യഥാർത്ഥ പേര് മാത്രമായിരിക്കും. എല്ലാ യു.പി.ഐ സേവന ദാതാക്കളും ജൂൺ ഒന്നിനകം ഇത് നടപ്പിലാക്കണം എന്നായിരുന്നു നിർദ്ദേശം.
ലോകത്തിലെ ഏറ്റവും വലിയ തത്സമയ പണമിടപാട് സംവിധാനമായാണ് യുപിഐ കണക്കാക്കപ്പെടുന്നത്. 2026 ഏപ്രിൽ 30-ലെ പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ പത്രക്കുറിപ്പ് അനുസരിച്ച്, 2025-26 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിൽ 24,162 കോടിയിലധികം യു.പി.ഐ ഇടപാടുകൾ നടന്നിട്ടുണ്ട്. ഇത്രയും വലിയ തോതിൽ ഇടപാടുകൾ നടക്കുമ്പോൾ തട്ടിപ്പുകളുടെ നിരക്ക് വളരെ കുറവാണെങ്കിൽ പോലും, ഇരയാക്കപ്പെടുന്നവരുടെ എണ്ണം ആയിരക്കണക്കിന് വരാം. ഇത് തടയുന്നതിനായാണ് 'യഥാർത്ഥ നാമ നിയമം' പ്രാവർത്തികമാക്കുന്നത്. ഇതിലൂടെ പണം അയക്കുന്നതിന് മുൻപ് തന്നെ നിങ്ങൾ ശരിയായ വ്യക്തിക്ക് തന്നെയാണ് പണം നൽകുന്നത് എന്ന് ഉറപ്പുവരുത്താൻ ഉപഭോക്താക്കൾക്ക് സാധിക്കും.






