
ന്യുഡൽഹി: കോക്രോച്ച് ജനതാ പാർട്ടി' (സിജെപി) സ്ഥാപകൻ അഭിജിത് ദിപ്കെ ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്നു. നീറ്റ് ചോദ്യപേപ്പർ ചോർച്ചാ വിവാദത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനിന്റെ രാജി ആവശ്യപ്പെട്ട് സമാധാനപരമായ പ്രതിഷേധം ആരംഭിക്കുന്നതിനായി താൻ ജൂൺ 6-ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തുമെന്ന് ദീപ്കെ പറഞ്ഞു.
“ഇന്ത്യൻ ഭരണഘടനയുടെ പാത പിന്തുടർന്ന് നാമെല്ലാവരും ഒന്നിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ധർമേന്ദ്ര പ്രധാനിന്റെ രാജി ആവശ്യപ്പെട്ട് സമാധാനപരമായി ശബ്ദമുയർത്തണം. നമ്മൾ ഒന്നിച്ച് ശബ്ദമുയർത്തിയാൽ അവർക്ക് തീർച്ചയായും നമ്മുടെ ഭാഗം കേൾക്കേണ്ടി വരും," തിങ്കളാഴ്ച സിജെപിയുടെ ഇൻസ്റ്റാഗ്രാം ഹാൻഡിലിൽ പങ്കുവെച്ച വീഡിയോയിൽ ദിപ്കെ പറഞ്ഞു.
"ജൂൺ 6 ശനിയാഴ്ച രാവിലെ ഞാൻ ഡൽഹിയിൽ എത്താൻ തീരുമാനിച്ചിട്ടുണ്ട്. ദയവായി നിങ്ങളും വിമാനത്താവളത്തിൽ എന്നോടൊപ്പം ചേരുക. നമുക്ക് ഒന്നിച്ച് പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിൽ പോയി ജന്തർ മന്തറിൽ സമാധാനപരമായ പ്രതിഷേധം നടത്തുന്നതിനുള്ള അനുമതി തേടാം," ദീപ്കെ വീഡിയോയിൽ പറയുന്നു.
നിലവിൽ അമേരിക്കയിലുള്ളതും ബോസ്റ്റൺ യൂണിവേഴ്സിറ്റിയിൽ നിന്ന് പബ്ലിക് റിലേഷൻസ് പഠിച്ചതുമായ ദിപ്കെ, ഹിന്ദിയിലാണ് തന്റെ ഫോളോവേഴ്സിനെ അഭിസംബോധന ചെയ്തത്.






