
വാഷിംഗ്ടൺഃ അമേരിക്കയിൽ അനധികൃതമായി കൊമേഴ്സ്യൽ ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്തിരുന്ന മുപ്പതോളം ഇന്ത്യൻ പൗരന്മാരെ യുഎസ് ബോർഡർ പട്രോൾ ഏജന്റുമാർ അറസ്റ്റ് ചെയ്തു. 'ഓപ്പറേഷൻ ചെക്ക്മേറ്റ്' എന്ന് പേരിട്ടിരിക്കുന്ന ഫെഡറൽ ഇമിഗ്രേഷൻ എൻഫോഴ്സ്മെന്റ് കാമ്പെയ്ന്റെ ഭാഗമായാണ് ഈ നടപടി. ഇവർക്കെതിരെ നാടുകടത്തൽ നടപടികൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ തിങ്കളാഴ്ച യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ പുറത്തിറക്കിയ പ്രസ്താവന പ്രകാരം, മെയ് 11 നും മെയ് 15 നും ഇടയിൽ അരിസോണയിലെ യുമ സെക്ടറിൽ നടത്തിയ പരിശോധനയിൽ ആകെ 52 പേരാണ് അറസ്റ്റിലായത്. ഇതിൽ 36 പേർ രാജ്യത്ത് അനധികൃതമായി താമസിച്ചുകൊണ്ട് കൊമേഴ്സ്യൽ സെമി-ട്രക്കുകൾ ഓടിക്കുന്നതായി കണ്ടെത്തി.
ഇമിഗ്രേഷൻ നിയമങ്ങൾ കർശനമായി നടപ്പാക്കുന്നതിലൂടെയും രേഖകളില്ലാതെ വാണിജ്യ വാഹനങ്ങൾ ഓടിക്കുന്ന കുടിയേറ്റക്കാരെ കണ്ടെത്തുന്നതിലൂടെയും പൊതുസുരക്ഷ ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഓപ്പറേഷൻ ആരംഭിച്ചത്. അനധികൃത കുടിയേറ്റത്തിനെതിരെ ട്രംപ് ഭരണകൂടം നടത്തുന്ന ശക്തമായ നടപടികളുടെ പശ്ചാത്തലത്തിലാണ് ഈ നീക്കം.
അറസ്റ്റിലായ 36 ട്രക്ക് ഡ്രൈവർമാരിൽ കുറഞ്ഞത് 30 പേരെങ്കിലും ഇന്ത്യൻ പൗരന്മാരാണെന്ന് യുഎസ് അധികൃതർ അറിയിച്ചു. ബാക്കിയുള്ള ആറ് പേർ മെക്സിക്കോ, എൽ സാൽവഡോർ, റഷ്യ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. ഇവരിൽ ചിലർക്ക് കാലിഫോർണിയ, ന്യൂയോർക്ക്, വാഷിംഗ്ടൺ, വെർജീനിയ തുടങ്ങിയ സംസ്ഥാനങ്ങൾ നൽകിയ കൊമേഴ്സ്യൽ ഡ്രൈവിംഗ് ലൈസൻസുകൾ ഉണ്ടായിരുന്നു. എന്നാൽ മറ്റുള്ളവരുടെ പക്കൽ സാധുവായ ഡ്രൈവിംഗ് ലൈസൻസ് പോലുമില്ലായിരുന്നു എന്നാണ് റിപ്പോർട്ട്.
കസ്റ്റഡിയിലെടുത്ത പലരുടെയും പക്കൽ ബൈഡൻ ഭരണകൂടത്തിന്റെ കാലത്ത് ലഭിച്ച തൊഴിൽ അനുമതി രേഖകൾ ഉണ്ടായിരുന്നുവെങ്കിലും, അവ കാലാവധികഴിഞ്ഞതാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പിടിക്കപ്പെട്ട 52 പേർക്കെതിരെയും ഫെഡറൽ നിയമപ്രകാരം നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ഇവരെ അമേരിക്കയിൽ നിന്ന് നാടുകടത്തുമെന്നും അധികൃതർ വ്യക്തമാക്കി.
അനധികൃത കുടിയേറ്റത്തിനെതിരെ ട്രംപ് ഭരണകൂടം നടത്തുന്ന വിപുലമായ നടപടികളുടെ ഭാഗമായാണ് ഈ ഓപ്പറേഷൻ. യോഗ്യതയില്ലാത്ത വിദേശ പൗരന്മാർ യുഎസിൽ കൊമേഴ്സ്യൽ ട്രക്കുകളും ബസുകളും ഓടിക്കുന്നതിനുള്ള ലൈസൻസ് നേടുന്നത് തടയാൻ ലക്ഷ്യമിട്ട് ഗതാഗത വകുപ്പ് നേരത്തെ ഉത്തരവിറക്കിയിരുന്നു. സമീപ മാസങ്ങളിൽ, അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ കൊമേഴ്സ്യൽ വാഹനങ്ങൾ ഉൾപ്പെട്ട മാരകമായ റോഡപകടങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യൻ വംശജരായ നിരവധി ട്രക്ക് ഡ്രൈവർമാർ അറസ്റ്റിലാകുകയും അവർക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്.






