
തിരുവനന്തപുരം: നിയമസഭയിലെ പ്രതിപക്ഷ ഉപനേതൃപദവിയെച്ചൊല്ലിയുള്ള സി.പി.എം-സി.പി.ഐ. തര്‍ക്കത്തില്‍ പുകഞ്ഞ് ഇടതുമുന്നണി. കെ. രാജനെ പ്രതിപക്ഷ ഉപനേതാവാക്കണമെന്ന ആവശ്യം പരിഗണിക്കാതെ എല്‍.ഡി.എഫ്. പാര്‍ലമെന്ററി പാര്‍ട്ടി യോഗം വിളിക്കരുതെന്ന് സി.പി.ഐ. ആവശ്യം അംഗീകരിക്കേണ്ടതില്ലെന്ന നിലപാടിലുറച്ച് സി.പി.എം.
തെരഞ്ഞെടുപ്പു ഫലപ്രഖ്യാപനശേഷം നടന്ന ആദ്യ ചര്‍ച്ചകളില്‍ത്തന്നെ പ്രതിപക്ഷ ഉപനേതൃപദം തങ്ങള്‍ക്കവകാശപ്പെട്ടതാണെന്നു സി.പി.ഐയും സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും ചൂണ്ടിക്കാട്ടിയിരുന്നു. എല്‍.ഡി.എഫ്. കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന് പക്ഷേ, ഈ ആവശ്യം നിരാകരിച്ചു. എല്‍.ഡി.എഫില്‍ ഉന്നയിക്കേണ്ട വിഷയങ്ങള്‍ പരസ്യമായി ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന നിലപാടിലാണ് സി.പി.എം.
നിയമസഭയില്‍ സി.പി.എമ്മിന് 26 അംഗങ്ങളും സി.പി.ഐക്ക് എട്ട് അംഗങ്ങളും ആര്.ജെ.ഡിക്ക് ഒരു അംഗവുമാണ് ഉള്ളത്. ആകെ 35 അംഗങ്ങളുള്ള പ്രതിപക്ഷ നിരയില്‍ സി.പി.ഐക്ക് മാന്യമായ സ്ഥാനം ലഭിക്കണമെന്ന വാദമാണ് പാര്‍ട്ടി ഉയര്‍ത്തുന്നത്. കെ. രാജനെ പ്രതിപക്ഷ ഉപനേതാവാക്കണമെന്നാണ് സി.പി.ഐയുടെ ആവശ്യം. പിണറായി വിജയനു പിന്നില്‍ പ്രതിപക്ഷ നിരയിലെ രണ്ടാമനായി നിലവില്‍ കെ.എന്‍. ബാലഗോപാലാണ് പ്രവര്‍ത്തിക്കുന്നത്. നിയമസഭയിലെ ആദ്യ അടിയന്തര പ്രമേയം അവതരിപ്പിച്ചതും ബാലഗോപാലായിരുന്നു.
നിയമസഭാ സമ്മേളനം ആരംഭിച്ചിട്ടും ഇതുവരെ എല്‍.ഡി.എഫ്. പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്നിട്ടില്ല. നന്ദിപ്രമേയ ചര്‍ച്ചകള്‍ക്ക് മുമ്പെങ്കിലും യോഗം ചേരണമെങ്കില്‍ ഉപനേതൃപദവിയില്‍ വ്യക്തത വരേണ്ടതുണ്ട്. കഴിഞ്ഞ ഇടതുസര്‍ക്കാരിന്റെ കാലത്ത് പി.എം. ശ്രീ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സി.പി.ഐ. ഉയര്‍ത്തിയ നിലപാടുകള്‍ മുന്നണിക്കുള്ളില്‍ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. അന്നുമുതല്‍ സി.പി.എം--സി.പി.ഐ. ബന്ധത്തില്‍ അസ്വാരസ്യങ്ങളുണ്ട്. അതു പുതിയ തലത്തിലേക്കു വളരുമോയെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.






