
എടപ്പാള്‍ (മലപ്പുറം): വീടിന് മുന്പില് കേടായിക്കിടന്ന കാര്‍ ഉടമസ്ഥന് പോലുമറിയാതെ അജ്ഞാതന്‍ ആക്രിക്കടക്കാര്‍ക്ക് വിറ്റു. ഒടുവില്‍ മണ്ണുമാന്തി യന്ത്രവും ലോറിയുമായെത്തി വാഹനം കടത്തിക്കൊണ്ടുപോകാന്‍ നോക്കിയപ്പോഴാണ് വീട്ടുകാരും നാട്ടുകാരും വിവരമറിഞ്ഞത്. ഉടമസ്ഥര്‍ ഇടപെട്ട് തടഞ്ഞതോടെയാണ് സിനിമാക്കഥയെ വെല്ലുന്ന ഈ തട്ടിപ്പ് പുറത്തായത്.
വട്ടംകുളം പരീച്ചി സ്വദേശിയായ സിദ്ദിഖിന്റെ പഴയ കാറാണ് അദ്ദേഹത്തിന്റെ അറിവോ സമ്മതമോ കൂടാതെ പടിഞ്ഞാറങ്ങാടി സ്വദേശിയായ യുവാവ് പട്ടാമ്പിയിലെ ആക്രിക്കച്ചവടക്കാര്‍ക്ക് വിറ്റത്. വര്‍ഷങ്ങള്‍ക്കുമുമ്പ് കേടായതിനെത്തുടര്‍ന്ന് വീടിന് മുന്നിലെ റോഡരികില്‍ പാര്‍ക്ക് ചെയ്തിരിക്കുകയായിരുന്നു ഈ വാഹനം.
കഴിഞ്ഞ ദിവസം സന്ധ്യയോടെ വലിയൊരു ലോറിയും മണ്ണുമാന്തി യന്ത്രവുമായി ഒരു സംഘം ആളുകള്‍ സ്ഥലത്തെത്തി കാര്‍ ഒഴുപ്പിച്ചു കയറ്റാന്‍ തുടങ്ങി. ഈ സമയം സിദ്ദിഖ് വീട്ടിലുണ്ടായിരുന്നില്ല. ശബ്ദം കേട്ട് പുറത്തുവന്ന ഭാര്യ കാര്യമന്വേഷിച്ചപ്പോഴാണ് തങ്ങളുടെ കാര്‍ ആരോ മറ്റൊരാള്‍ക്ക് വിറ്റ വിവരം ഞെട്ടലോടെ അറിഞ്ഞത്.
പടിഞ്ഞാറങ്ങാടി സ്വദേശിയായ യുവാവ് ഈ വഴിപോയപ്പോള്‍ കാര്‍ ശ്രദ്ധയില്‍പ്പെടുകയും, ഇത് തന്റേതാണെന്ന് വ്യാജേന പട്ടാമ്പിക്കാരായ ആക്രിക്കച്ചവടക്കാര്‍ക്ക് കാട്ടിക്കൊടുക്കുകയുമായിരുന്നു. വിലപേശി ഉറപ്പിച്ച തുക ഇയാള്‍ കച്ചവടക്കാരില്‍ നിന്ന് വാങ്ങുകയും ചെയ്തു.
ലോറിയില്‍ കാര്‍ കയറ്റുന്നതിനിടെ സിദ്ദിഖ് സ്ഥലത്തെത്തുകയും, വാഹനം തങ്ങളുടേതാണെന്നും ആര്‍ക്കും വിറ്റിട്ടില്ലെന്നും വ്യക്തമാക്കുകയും ചെയ്തു. ഇതോടെ നാട്ടുകാരും ഒത്തുകൂടി. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ചങ്ങരംകുളം പോലീസ് സ്ഥലത്തെത്തി. തുടര്‍ന്ന് കച്ചവടക്കാരുമായി പടിഞ്ഞാറങ്ങാടിയിലെത്തിയ പോലീസ് തട്ടിപ്പ് നടത്തിയ യുവാവിനെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തു.
ഒടുവില്‍ പോലീസ് സ്റ്റേഷനില്‍ വെച്ച് നടന്ന മധ്യസ്ഥ ചര്‍ച്ചയ്ക്കൊടുവില്‍ പ്രശ്നം പരിഹരിച്ചു. വാങ്ങിയ പണം കച്ചവടക്കാര്‍ക്ക് തിരികെ നല്‍കാമെന്നും, കാര്‍ ജെ.സി.ബി ഉപയോഗിച്ച് മാറ്റാന്‍ ശ്രമിച്ചപ്പോള്‍ ഉണ്ടായ കേടുപാടുകള്‍ പരിഹരിച്ചു നല്‍കാമെന്നും യുവാവ് സമ്മതിച്ചു. ഇതോടെ പരാതിയില്ലാത്തതിനാല്‍ കേസെടുക്കാതെ പോലീസ് പ്രശ്നം അവസാനിപ്പിച്ചു.






