
തിരുവനന്തപുരം: ആനക്കാംപൊയിൽ–കള്ളാടി തുരങ്കപാത നിർമാണത്തിനിടെ ഉണ്ടായ ദുരന്തത്തിന്റെ കാരണം കണ്ടെത്താൻ സംസ്ഥാന സർക്കാർ അഞ്ചംഗ വിദഗ്ധസമിതിയെ നിയോഗിച്ചു. റവന്യൂ ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് വകുപ്പ് സെക്രട്ടറി കൺവീനറായ സമിതിക്കാണ് അന്വേഷണം ചുമതല.
ജിയോളജിസ്റ്റ് ഡോ. സി.പി. രാജേന്ദ്രൻ, എക്കോളജിസ്റ്റ് ഡോ. വിഷ്ണുദാസ്, ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഡോ. പി. പുകഴേന്തി ഐഎഫ്എസ്, പൊതുമരാമത്ത് സെക്രട്ടറി എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.
അപകടത്തിന് പിന്നിലെ സാഹചര്യം, കരാർ കമ്പനി വ്യവസ്ഥകൾ ലംഘിച്ചോയെന്നത്, കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നൽകിയ പരിസ്ഥിതി അനുമതികൾ എന്നിവ സമിതി പരിശോധിക്കും. ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. തുരങ്കപാത പദ്ധതിയുടെ തുടർനടപടികളിൽ ഈ റിപ്പോർട്ട് നിർണായകമാകും.
മണ്ണിടിച്ചിലിൽ മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപയും പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപയും ധനസഹായമായി അനുവദിച്ചുള്ള ഉത്തരവും സർക്കാർ പുറത്തിറക്കി.






