
മൂത്ത മകള്‍ അവന്തികയുടെ വിവാഹത്തിന് തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയിയെ ക്ഷണിച്ച് നടിയും ബിജെപി പ്രവര്‍ത്തകയുമായ ഖുശ്ബു സുന്ദര്‍. ചെന്നൈയില്‍ വിജയ് യുടെ വസതിയിലെത്തിയാണ് ഖുശ്ബുവും കുടുംബവും ക്ഷണക്കത്ത് കൈമാറിയത്.
ഭര്‍ത്താവും സംവിധായകനുമായ സുന്ദര്‍ സി, മക്കളായ അവന്തിക, ആനന്ദിത, ഭാവി മരുമകന് ശ്രാവണ്‍ ശ്രീനിവാസൻ എന്നിവരും ഖുശ്ബുവിനൊപ്പമുണ്ടായിരുന്നു. വിജയ്യെ സന്ദര്‍ശിച്ചതിന്റെ ചിത്രങ്ങള്‍ ഖുശ്ബു സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.
"ഞങ്ങളുടെ കുടുംബത്തെ സംബന്ധിച്ച് ഏറ്റവും സവിശേഷവും മറക്കാനാകാത്തതുമായ ഒരു ദിവസമാണിന്ന്. എന്റെ പ്രിയപ്പെട്ട സഹോദരനും തമിഴ്നാടിന്റെ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുമായ ശ്രീ വിജയിയെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദര്‍ശിക്കുകയും, ഞങ്ങളുടെ മകളുടെയും ശ്രീ ശ്രാവണ്‍ ശ്രീനിവാസന്റെയും വിവാഹത്തിന് ക്ഷണിക്കുകയും ചെയ്തു.
അദ്ദേഹത്തെ കാണുന്നത് എപ്പോഴും ഞങ്ങളുടെ ഹൃദയങ്ങളില്‍ അഭിമാനവും സന്തോഷവും നിറയ്ക്കുന്നു. കുട്ടികള്‍ അതീവ ആവേശത്തിലായിരുന്നു, അവര്‍ക്ക് അദ്ദേഹത്തില്‍ നിന്ന് കണ്ണെടുക്കാന്‍ പോലുമാകുന്നുണ്ടായിരുന്നില്ല. തിരക്കേറിയ ഷെഡ്യൂളുകള്‍ക്കിടയിലും, ഞങ്ങള്‍ എപ്പോഴും നെഞ്ചേറ്റുന്ന അതേ ഊഷ്മളതയോടും സ്നേഹത്തോടും മനോഹരമായ പുഞ്ചിരിയോടും കൂടിയാണ് അദ്ദേഹം ഞങ്ങളെ സ്വീകരിച്ചത്. എന്റെ പ്രിയ സഹോദരാ, നിങ്ങളുടെ വിലയേറിയ സമയത്തിനും സ്നേഹത്തിനും അനുഗ്രഹങ്ങള്‍ക്കും നന്ദി. വാക്കുകള്‍ക്ക് പ്രകടിപ്പിക്കാന്‍ കഴിയുന്നതിലും അപ്പുറമാണ് ഇത് ഞങ്ങള്‍ക്ക്. എപ്പോഴും സ്നേഹത്തോടെ..." ഖുശ്ബു കുറിച്ചു.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മകളുടെ വിവാഹത്തിന് ക്ഷണിക്കാനായി ഖുശ്ബുവും കുടുംബവും ഡല്‍ഹിയിലെത്തിയിരുന്നു. ഖുശ്ബുവും ഭര്‍ത്താവ് സുന്ദര്‍ സി യും ചേര്‍ന്നാണ് പ്രധാനമന്ത്രിക്ക് വിവാഹക്ഷണക്കത്ത് കൈമാറിയത്. പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചതിന്റെ ചിത്രങ്ങളും ഖുശ്ബു സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.
അതേസമയം മാതാപിതാക്കളുടെ പാത പിന്തുടര്ന്ന് അഭിനയരംഗത്തേക്ക് ചുവടുവെക്കുകയാണ് അവന്തിക. 'ആരംഭം' എന്ന മലയാള ചിത്രത്തിലൂടെയാണ് അവന്തികയുടെ അരങ്ങേറ്റം. വലിയൊരു താരനിര ഒരുമിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണം സ്റ്റുഡിയോ ബെല്ലാറൂഹും സംവിധാനം സുജേഷ് ആനി ഈപ്പനുമാണ്.






