
ബിഗ്സ്ക്രീനില്‍ കാണുന്ന പ്രിയതാരങ്ങളെ അടുത്ത് കാണാനും സംസാരിക്കാനും ഒരുമിച്ച് നിന്നൊരു ചിത്രമെടുക്കാനും ആഗ്രഹിക്കുന്നവര്‍ അനവധിയാണ്. എന്നാല്‍ ചിലര്‍ക്ക് തങ്ങളുടെ പ്രിയതാരങ്ങളോടുള്ള ആരാധന കുറച്ചധികമാണ്. ഒരു പരിധിയ്ക്കപ്പുറത്തേക്കുള്ള ഈ ആരാധന പലപ്പോഴും വലിയ പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം. സെലിബ്രിറ്റികളുടെ സ്വകാര്യത പോലും മാനിക്കാത്ത അത്തരം ആരാധനകള്‍ ഒരു പരിധി കടന്നാല്‍ ശല്യവും ബുദ്ധിമുട്ടുമുണ്ടാക്കുമെന്നതില് സംശയമില്ല. അത്തരം അനുഭവവങ്ങൾ താരങ്ങൾ തന്നെ പറയാറുമുണ്ട്.
തെലുങ്ക് സൂപ്പര്‍താരം രാം ചരണിനെ ഹൃദയത്തില്‍ പേറി നടക്കുന്ന ഒരുപാട് ആരാധകരുണ്ട്. ഒന്നു കാണുക എന്നതിലുപരി തൊടാനും സംസാരിക്കാനും ആഗ്രഹിക്കുന്നവരാണ് അധികവും. ഇക്കഴിഞ്ഞ ദിവസം തന്റെ പുതിയ ചിത്രമായ ‘പെഡ്ഡി’യുടെ പ്രൊമോഷന്റെ ഭാഗമായുള്ള പരിപാടിയില്‍ രാംചരണിന് അടുത്തെത്തിയ ഒരു ആരാധകന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ഇപ്പോഴിതാ രാംചരണിന്റെ അടുത്തേക്ക് എത്തുന്ന ആരാധകനെ ശരവേഗത്തിൽ തൂക്കിയെടുത്ത ബോഡിഗാർഡ് കെവിൻ കുന്തയാണ് സോഷ്യല്‍ മീഡിയയില്‍ താരമാകുന്നത്. വിജയവാഡയിൽ അടുത്തിടെ നടന്ന പെഡിയുടെ പ്രമോഷണൽ പരിപാടി യഥാർത്ഥ ആക്ഷൻ രംഗമായിട്ടാണ് മാറിയത്. വേദിയില്‍ അണിയറപ്രവർത്തകർക്കും സഹതാരങ്ങള്‍ക്കുമൊപ്പം ഇരിക്കുകയായിരുന്നു രാംചരണ്‍. പെട്ടെന്നാണ് സുരക്ഷാ സംവിധാനങ്ങൾ മറികടന്ന് ഒരു ആരാധകൻ താരത്തിന്റെ അടുത്തേക്ക് വരാൻ നോക്കിയത്. ആദ്യമൊന്നു ഞെട്ടിയെങ്കിലും തന്റെ ബോഡിഗാര്‍ഡിലുള്ള വിശ്വാസം രാം ചരണിന്റെ മുഖത്ത് പ്രകടമായിരുന്നു.
താരത്തിന്റെ അടുത്തെത്താൻ പോലും ബോഡിഗാർഡ് കെവിൻ കുന്ത സമ്മതിച്ചില്ല. ശരവേഗത്തില്‍ പാഞ്ഞെത്തി, തനിച്ച് അയാളെ പൊക്കി എടുത്ത് കെവിൻ പോയി. ഈ സംഭവം നടക്കുമ്പോള്‍ തൊട്ടടുത്തിരുന്ന ജാൻവി കപൂർ ഞെട്ടുന്നതും വീഴാൻ പോകുന്നതും വീഡിയോ ദൃശ്യങ്ങളില്‍ കാണാം. ജാന്‍വി ശരിക്കും പേടിച്ചുവെന്നത് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. എന്നാല്‍ ആ സമയത്ത് രാം ചരണിനെ ഒരു സ്പര്‍ശിക്കാന്‍ പോലും ബോഡി ഗാര്‍ഡ് കെവിന് സമ്മതിച്ചില്ല. സ്തബ്ധയായിപ്പോയ ജാൻവിയുടെ മുന്നില്‍ നിന്ന് ആരാധകനെ എടുത്തു കൊണ്ടു പോയി. വൈറലായ ഈ സംഭവത്തിന് ശേഷം ആ ആരാധനെ അടുത്തേക്ക് വിളിച്ച് രാംചരണ്‍ സംസാരിക്കുകയും ഫോട്ടോ എടുക്കുകയും ചെയ്യുന്നതും സോഷ്യല്‍ മീഡിയയില്‍ നിറയുന്നുണ്ട്.
ഈ സംഭവത്തോടെ സോഷ്യല്‍ മീഡിയയില്‍ എങ്ങും കെവിൻ കുന്ത വൈറല്‍ താരമായി മാറി. കെവിന് ഒരുപാട് ഫാന്സിനെയും കിട്ടി. കഴിഞ്ഞ നാല് വർഷമായി രാംചരണിനും കുടുംബത്തിനും ഒപ്പം ബോഡി ഗാർഡായി ജോലി ചെയ്യുന്ന ആളാണ് കെവിൻ കുന്ത. അടുത്തിടെ രാംചരണിനൊപ്പമുള്ള കെവിന്റെ വീഡിയോകളും ഫോട്ടോകളും വന്നതോടെയാണ് ആള് ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. ഗാംബിയ ഇന്റർനാഷണല്‍ പ്രൊഫഷണല്‍ മിക്സഡ് മാര്‍ഷല്‍ ആര്‍ട്സ് ഫൈറ്ററാണ് കെവിൻ. റിപ്പോർട്ടുകള്‍ പ്രകാരം 2 മുതല്‍ 4 ലക്ഷം രൂപ വരെയാണ് ഒരു ദിവസത്തെ കെവിന്റെ പ്രതിഫലം.







