
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ നിലവിലെ ധനസ്ഥിതി വ്യക്തമാക്കുന്ന ധവളപത്രം മുഖ്യമന്ത്രി വി.ഡി. സതീശന് ഇന്ന് നിയമസഭയുടെ മേശപ്പുറത്ത് വെക്കും. ഇന്ന് രാവിലെ 8 മണിക്ക് കൂടുന്ന മന്ത്രിസഭായോഗം ധവളപത്രത്തിന് ഔദ്യോഗികമായി അംഗീകാരം നല്‍കും. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചര്‍ച്ച ഇന്ന് പൂര്‍ത്തിയാകും. മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ചര്‍ച്ചയ്ക്ക് മറുപടി നല്‍കും.
ശൂന്യവേളയ്ക്ക് ശേഷമാകും മുഖ്യമന്ത്രി ഇത് സഭയില്‍ സമര്‍പ്പിക്കുക. യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ സാമ്പത്തിക നിലയെക്കുറിച്ച് ധവളപത്രം പുറത്തിറക്കുമെന്ന് നേരമത്ത തിരഞ്ഞെടുപ്പ് വാഗ്ദാനമായി പ്രതിപക്ഷനേതാവ് പ്രഖ്യാപിച്ചിരുന്നു. ഭരണമേറ്റെടുത്ത ശേഷം ധനകാര്യ വകുപ്പിന്റെ ചുമതല കൂടി വഹിക്കുന്നത് മുഖ്യമന്ത്രിയാണ്. അതേസമയം ഇക്കാര്യം കാട്ടി ഭയപ്പെടുത്തേണ്ടെന്നാണ് പ്രതിപക്ഷം പറയുന്നത്.
മുന്‍ കാബിനറ്റ് സെക്രട്ടറി കെ.എം. ചന്ദ്രശേഖര്‍ തലവനായ വിദഗ്ധ സമിതിയാണ് സംസ്ഥാനത്തിന്റെ സാമ്പത്തിക സാഹചര്യം വിശദമായി പഠിച്ച് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കഴിഞ്ഞ പത്തുവര്‍ഷ കാലത്തെ സംസ്ഥാന സര്‍ക്കാരിന്റെ ചെലവുകള്‍, നികുതി പിരിവിലെ വീഴ്ചകള്‍, വരുമാനച്ചോര്‍ച്ച എന്നിവ റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നു. വിവിധ പദ്ധതികള്‍ക്കായി കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ലഭിച്ച തുക എങ്ങനെ ചെലവഴിച്ചു എന്നതും, ഫണ്ടുകള്‍ വകമാറ്റി ഉപയോഗിച്ചിട്ടുണ്ടോ എന്നതുമായ വിവരങ്ങള്‍ ഇതിലുണ്ട്.
അതേസമയം സര്‍ക്കാരിന് ഇന്ന് ഒട്ടേറെ കാര്യങ്ങളില്‍ മറുപടി നല്‍കേണ്ട അവസ്ഥയുണ്ട്. വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പഴ്സണല്‍ സ്റ്റാഫില്‍ അദ്ദേഹത്തിന്റെ സഹോദരി ഭര്‍ത്താവിനെ നിയമിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിന് ഇന്ന് സഭയില്‍ മറുപടി ഉണ്ടായേക്കും. സംസ്ഥാനത്ത് ക്ഷേമ പെന്‍ഷനുകളുടെ വിതരണം തടസ്സപ്പെട്ട വിഷയം പ്രതിപക്ഷം സഭയുടെ ശ്രദ്ധയില്‍പ്പെടുത്തും. ഒറ്റപ്പാലം എം.എല്‍.എ കെ. പ്രേംകുമാറാണ് ഈ വിഷയത്തില്‍ സഭയില്‍ ശ്രദ്ധ ക്ഷണിക്കുന്നത്.






