
വാഷിംഗ്ടൺ: അമേരിക്കയിലെ ഒഹായോയിൽ ഉണ്ടായ വാഹനാപകടത്തിൽ കൗമാരക്കാരിയായ പെൺകുട്ടിയും അവളുടെ ഗർഭസ്ഥ ശിശുവും കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയായ ഇന്ത്യൻ വംശജനെ നാടുകടത്തണമെന്ന് പെൺകുട്ടിയുടെ കുടുംബം. യുഎസിൽ നിയമവിരുദ്ധമായി താമസിക്കുന്ന തർസേം സിംഗ് (33) എന്നയാളെ നാടുകടത്താൻ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് തയ്യാറാകണമെന്ന് മരിച്ച ആഷ്ലി ഹോംസിന്റെ അമ്മ അനെറ്റ് ഹോംസ് ആവശ്യപ്പെട്ടു.
കൊല്ലപ്പെട്ട പതിനേഴുകാരിയായ ആഷ്ലി ഹോംസിന്റെ ജനിക്കാതെപോയ കുഞ്ഞിന്റെ പിതാവ് തർസേം സിംഗ് ആണെന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ പറഞ്ഞു. ഇയാൾക്കൊപ്പമുള്ള ജീവിതം അവസാനിപ്പിക്കാൻ ആഷ്ലി പലതവണ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നുവെന്ന് കുടുംബം മാധ്യമങ്ങളോട് വെളിപ്പെടുത്തി. തന്റെ ആദ്യത്തെ കുഞ്ഞിനായി കാത്തിരിക്കവേ ആണ് മകൾക്ക് ഈ ദുർഗതി ഉണ്ടായതെന്നും, നിയമലംഘകനായ ഇയാളെ രാജ്യത്തുനിന്ന് സ്ഥിരമായി പുറത്താക്കണമെന്നും അമ്മ അനെറ്റ് ഹോംസ് ആവശ്യപ്പെട്ടു.
കഴിഞ്ഞ ഫെബ്രുവരി 16-നായിരുന്നു യുഎസിനെ നടുക്കിയ ഈ അപകടം നടന്നത്. തർസേം സിംഗ് ഓടിച്ചിരുന്ന ആഡംബര എസ്യുവിയായ റേഞ്ച് റോവർ വെലാറിൽ യാത്രികയായിരുന്നു ആഷ്ലി. പരിശോധനയ്ക്കായി വാഹനം നിർത്താൻ നിർദ്ദേശിച്ച പോലീസ് ഉദ്യോഗസ്ഥരെ വെട്ടിച്ച് സിംഗ് അമിത വേഗതയിൽ കാർ ഓടിച്ചുപോവുകയായിരുന്നു. മണിക്കൂറിൽ 55 മൈൽ വേഗപരിധിയുള്ള റോഡിൽ 120 മൈലിലധികം വേഗതയിലാണ് സിംഗ് കാർ പായിച്ചതെന്ന് ഹൈവേ പട്രോളിന്റെ റിപ്പോർട്ടിൽ പറയുന്നു.
അതിവേഗത്തിൽ പാഞ്ഞ വാഹനം ഒരു വളവിൽ വെച്ച് നിയന്ത്രണം വിട്ട് റോഡിന്റെ മറുഭാഗത്തേക്ക് കടക്കുകയും, എതിർദിശയിൽ വന്ന ജീപ്പിലിടിച്ച് പലതവണ തലകീഴായി മറിയുകയുമായിരുന്നു. അപകടത്തിന്റെ ആഘാതത്തിൽ കാറിൽ നിന്ന് പുറത്തേക്ക് തെറിച്ചുവീണ ആഷ്ലി സംഭവസ്ഥലത്തുതന്നെ മരിച്ചു. ഗർഭസ്ഥ ശിശുവും അപകടത്തിൽ മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 33 കാരനായ തർസേം സിംഗിനെതിരെ നരഹത്യ ഉൾപ്പെടെയുള്ള നിരവധി ഗുരുതരമായ ക്രിമിനൽ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. കോടതി നിലവിൽ 10 ലക്ഷം ഡോളറിന്റെ കർശനമായ ജാമ്യവ്യവസ്ഥയാണ് ഇയാൾക്ക് മേൽ ചുമത്തിയിരിക്കുന്നത്.
യുഎസ് ഹോംലാൻഡ് സെക്യൂരിറ്റിയുടെ രേഖകൾ പ്രകാരം, 2017 ഫെബ്രുവരിയിൽ കാലിഫോർണിയ അതിർത്തി വഴി ഇയാൾ നിയമവിരുദ്ധമായാണ് അമേരിക്കയിലേക്ക് കടന്നത്. അന്ന് പിടിക്കപ്പെട്ടെങ്കിലും പിന്നീട് ബോണ്ടിന്റെ അടിസ്ഥാനത്തിൽ കോടതി ഇയാളെ വിട്ടയക്കുകയായിരുന്നു. പ്രതിക്കെതിരെ ഇമിഗ്രേഷൻ വിഭാഗം പുതിയ തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. നിലവിൽ ക്രിമിനൽ കേസിൽ കസ്റ്റഡിയിലുള്ള ഇയാളുടെ വിചാരണ ഓഗസ്റ്റ് 17 മുതൽ 21 വരെയുള്ള തീയതികളിൽ നടക്കും. വിചാരണ പൂർത്തിയായി കോടതി വിധി വരുന്നതോടെ ഇയാളെ യുഎസിൽ നിന്നും നാടുകടത്താനുള്ള ഔദ്യോഗിക നടപടികൾ ആരംഭിക്കും.






