
തിരുവനന്തപുരം: പാർട്ടി പ്രതിസന്ധി അഭിമുഖീകരിക്കുന്ന ഘട്ടത്തിൽ അതിന്റെ ഭാഗമാകുക എന്നത് തന്റെ ചുമതലയാണെന്ന് സിപിഐഎം നേതാവ് കെ.ടി. ജലീൽ. ബംഗാളിൽ സംഭവിച്ചത് വൈകാതെ കേരളത്തിലും സംഭവിക്കുമെന്നും ബിജെപിയെ കൂട്ടുപിടിച്ച് യുഡിഎഫ് മതധ്രുവീകരണം നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. മുസ്ലിം ലീഗിനെതിരെയും ജലീൽ വിമർശനം ഉന്നയിച്ചു.
അല്ലാഹുവിന്റെ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്തിരുന്ന ലീഗ് എംഎൽഎമാരും മന്ത്രിമാരും എന്തുകൊണ്ടാണ് അല്ലാഹുവിനെ വിട്ട് ദൈവത്തിലേക്ക് മാറിയതെന്ന് ജലീൽ ചോദിച്ചു. എന്തുകൊണ്ടാണ് തൊപ്പി മാറ്റിയതെന്നും അദ്ദേഹം ചോദിച്ചു. തൊപ്പി ധരിക്കുന്ന വിശ്വാസികളോട് ഇനി തൊപ്പി പ്രധാന ഘടകമല്ലെന്നാണ് പറയാൻ പോകുന്നതെന്നും അദ്ദേഹം വിമർശിച്ചു.
താൻ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തപ്പോൾ എതിർത്തവരാണ് മുസ്ലിം ലീഗെന്നും ജലീൽ പറഞ്ഞു. സിപിഐഎമ്മിൽ വിശ്വാസികൾക്കും അംഗത്വം എടുക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. വെള്ളാപ്പള്ളിയെ കാറിൽ കയറ്റിയെന്ന് പറഞ്ഞ് വോട്ട് വാങ്ങിയവർ ഇപ്പോൾ വെള്ളാപ്പള്ളിയെ കാണാൻ പോകുകയാണെന്നും അദ്ദേഹം വിമർശിച്ചു.
കെ.ടി. ജലീലും ഭാര്യയും സിപിഐഎം അംഗമായതായി ഇന്നലെയാണ് പ്രഖ്യാപിച്ചത്. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പ്രഖ്യാപനം. ഇതുവരെ പാർട്ടിയുടെ സഹയാത്രികനായാണ് ജലീൽ പ്രവർത്തിച്ചിരുന്നത്.






