
തിരുവനന്തപുരം: നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവ് പദവിയിൽ നിന്ന് പിന്നോട്ടില്ലെന്ന് സിപിഐ. വിഷയത്തിൽ ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം, പ്രതിപക്ഷ ഉപനേതൃപദവി സംബന്ധിച്ച നിലപാടിൽ മാറ്റം വരുത്തേണ്ടതില്ലെന്ന് തീരുമാനിച്ചു.
പാർട്ടിയുടെ അഭിമാനം പണയംവെച്ച് വിട്ടുവീഴ്ച ചെയ്യേണ്ട സാഹചര്യമില്ലെന്നാണ് സിപിഐയുടെ വിലയിരുത്തൽ. കഴിഞ്ഞ ദിവസങ്ങളായി പ്രതിപക്ഷ ഉപനേതൃപദവിയെ ചൊല്ലിയുള്ള ചർച്ചകൾ എൽഡിഎഫിൽ തുടരുകയാണ്.പ്രതിപക്ഷ നിരയിലെ രണ്ടാമത്തെ വലിയ ഒറ്റക്കക്ഷിയായതിനാൽ ഉപനേതൃപദവി സിപിഐക്ക് ലഭിക്കണമെന്ന ആവശ്യത്തിൽ പാർട്ടി ഉറച്ചുനിൽക്കുകയാണ്. പരസ്യമായി ഉന്നയിച്ച ആവശ്യത്തിൽ നിന്ന് പിന്നോട്ടുപോകേണ്ടതില്ലെന്നും വിട്ടുവീഴ്ചയുടെ ആവശ്യമില്ലെന്നുമാണ് സിപിഐയുടെ നിലപാട്. ഇതോടെ വിഷയത്തിൽ സിപിഎമ്മും സിപിഐയും തമ്മിലുള്ള അഭിപ്രായവ്യത്യാസം തുടരുകയാണ്.






