
ചെന്നൈ: തമിഴ്നാട്ടില്‍ പുതിയ പാര്‍ട്ടിയുണ്ടാക്കുമെന്ന് ബിജെപി വിട്ട തമിഴ്നാട് നേതാവ് അണ്ണാമലൈ. പുതിയ പാര്‍ട്ടിയുമായി മുമ്പോട്ട് പോകുമെന്ന് പുതിയൊരു മാറ്റത്തിന് വേണ്ടിയുള്ള ഒറ്റയ്ക്കുള്ള പോരാട്ടം താന്‍ ഏറ്റെടുക്കുകയാണെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
തമിഴരുടെ ദേശീയവികാരം ഏറ്റെടുക്കുന്ന കാര്യത്തില്‍ ദേശീയപാര്‍ട്ടികള്‍ക്ക് വിജയിക്കാനാകുന്നില്ലെന്നും തമിഴരുടെ പോരാട്ടം ഏറ്റെടുക്കുന്നെന്നും പറഞ്ഞു. നേരത്തേ അണ്ണാമലൈയുടെ രാജി ബിജെപി നേതൃത്വം സ്വീകരിച്ചിരുന്നു. അതേസമയം വാര്‍ത്താസമ്മേളനത്തില്‍ ഒരിടത്തും അദ്ദേഹം ബിജെപിയെ ഏതെങ്കിലും തരത്തില്‍ കുറ്റപ്പെടുത്താന്‍ തയ്യാറായില്ല. നേരത്തേ നല്കിയ രാജിക്കത്തിലും അദ്ദേഹം ബിജെപി നേതാക്കളായ പ്രധാനമന്ത്രി നരേന്ദ്രമോദിയോടും അമിത്ഷായോടുമുള്ള നന്ദി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
ഒരു പോസിറ്റീവ് ചേഞ്ച് എന്ന നിലയിലാണ് ആറു വര്‍ഷം മുമ്പ് ബിെജപിയില്‍ താന്‍ ചേര്‍ന്നതെന്നും ബിജെപി തനിക്ക് വലിയ അവസരം നല്‍കിയെന്നും രാജിക്കത്തില്‍ സൂചിപ്പിച്ചു. അതിന് നന്ദിയും പറഞ്ഞു. അതേസമയം അണ്ണാമലൈയുടെ പുതിയ നീക്കത്തിന് പിന്നില്‍ വമ്പന്മാരുടെ സാന്നിദ്ധ്യം ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തേ രജനീകാന്ത് അടക്കം കാണാനുള്ള താല്‍പ്പര്യം പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
തമിഴ്നാട്ടിലുടനീളമുള്ള യുവ നേതാക്കളെ കണ്ടെത്തുക, അവര്‍ക്ക് പരിശീലനം നല്‍കുക, അവരെ വളര്‍ത്തിയെടുക്കുക എന്നിവ ലക്ഷ്യമിട്ട് ഒരു ജനകീയ പ്രസ്ഥാനം ആരംഭിക്കാനുള്ള പദ്ധതികളിലാണ് അണ്ണാമലൈയെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ പ്രസ്ഥാനം പിന്നീട് ഒരു രാഷ്ട്രീയ പാര്‍ട്ടിയായി മാറിയേക്കാമെന്നും അവര്‍ സൂചന നല്കുന്നു. നിലവില്‍ അദ്ദേഹം 'വി ദ ലീഡേഴ്സ്' എന്ന പേരില്‍ ഒരു സന്നദ്ധ സംഘടന നടത്തുന്നുണ്ട്, ഇതായിരിക്കും അദ്ദേഹത്തിന്റെ പുതിയ പ്രസ്ഥാനത്തിന്റെ അടിത്തറയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.






