
ആലപ്പുഴ: നവകേരള യാത്രയ്ക്കിടെയുണ്ടായ സുരക്ഷാ ജീവനക്കാരുടെ മര്‍ദ്ദനവുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ എഡിജിപി എം.ആര് അജിത് കുമാറിനെതിരേ സബ്ഇന്‍സ്പെക്ടര്‍മാരുടെ മൊഴി. അക്രമ സംഭവത്തില്‍ തെളിവുകളൊന്നുമില്ല എന്ന് റഫര്‍ റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേര്‍ക്കാന്‍ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിതരായെന്നാണ് ഇവര്‍ നല്‍കിയിരിക്കുന്ന മൊഴി. മേലുദ്യോഗസ്ഥന്റെ കല്‍പ്പന അനുസരിക്കുക മാത്രമാണ് ഞങ്ങള്‍ ചെയ്തത്. കേസില്‍ ഞങ്ങള്‍ക്ക് നേരിട്ട് യാതൊരു പങ്കുമില്ലെന്ന് ഇവര്‍ പറഞ്ഞു.
കേസിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ മാറ്റം വരുത്താന്‍ അജിത് കുമാര്‍ തങ്ങള്‍ക്ക് മേല്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തിയിരുന്നതായി ഉദ്യോഗസ്ഥര്‍ പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നല്കി. പെന്‍ഡ്രൈവില്‍ ആക്കി കൊണ്ടുവന്ന കേസ് ഡയറി മൂന്ന് ദിവസമെടുത്താണ് തിരുത്തിയെഴുതിയതെന്നും പറഞ്ഞു. കേസില്‍ നിര്‍ണായകമായ ഈ വെളിപ്പെടുത്തലുകള്‍ വിശദമായി പരിശോധിക്കാനാണ് എസ്.ഐ.ടിയുടെ തീരുമാനം.
മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് ഏറ്റവും പിന്നിലായിരുന്നതിനാല്‍ പോലീസ് ഫോട്ടോഗ്രാഫര്‍ക്ക് സംഭവത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യം മുതലെടുത്താണ് തെളിവില്ലെന്ന് കാണിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. തങ്ങള്‍ക്ക് ഈ സംഭവത്തില്‍ വ്യക്തിപരമായ പങ്കില്ലെന്നും, ഉയര്‍ന്ന ഉദ്യോഗസ്ഥന്റെ നിര്‍ദ്ദേശം നടപ്പാക്കുക മാത്രമാണ് ചെയ്തതെന്നും എസ്.ഐമാര്‍ വ്യക്തമാക്കി. രണ്ട് എസ്.ഐമാരുടെ മൊഴി കഴിഞ്ഞ ദിവസമാണ് പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയത്.






