
തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തിൽ പ്രതികരണവുമായി വൈദ്യുതമന്ത്രി സണ്ണി ജോസഫ് . കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറിയും തന്റെ സഹോദരീഭർത്താവുമായ ബെന്നിതോമസിനെ പേഴ്സണൽ സ്റ്റാഫിൽ ഉൾപ്പെടുത്തിയത് ബന്ധത്തിന്റെ അടിസ്ഥാനത്തിലല്ലെന്ന് മന്ത്രി പറഞ്ഞു.
പാർട്ടിയിലും സംഘടനാ രംഗത്തും ദീർഘകാല പ്രവർത്തന പരിചയമുള്ള വ്യക്തിയാണ് ബെന്നി തോമസ്. അദ്ദേഹത്തിന്റെ പ്രവർത്തന പരിചയവും യോഗ്യതയും പരിഗണിച്ചാണ് അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചതെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. ബന്ധുനിയമന ആരോപണത്തിന് അടിസ്ഥാനമില്ലെന്നും മന്ത്രി പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പിൽ പേരാവൂരിൽ തന്റെ ചീഫ് ഏജന്റായി പ്രവർത്തിച്ചയാളാണ് ബെന്നി തോമസ്. ഡിസിസി പ്രസിഡന്റ് ശുപാർശ ചെയ്തതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് അദ്ദേഹത്തിന്റെ നിയമനമെന്നും സണ്ണി ജോസഫ് പറഞ്ഞു.






