
ബോളിവുഡിന്റെ പ്രിയ ജോഡികളായ ജാക്കി ഷ്രോഫും ആയിഷ ഷ്രോഫും തങ്ങളുടെ വിവാഹജീവിതത്തിന്റെ മറ്റൊരു മനോഹരമായ നാഴികക്കല്ലുകൂടി പിന്നിട്ടിരിക്കുകയാണ്. ജൂണ്‍ 5-ന് തങ്ങളുടെ വിവാഹ വാര്‍ഷികവും ആയിഷയുടെ ജന്മദിനവും ഒന്നിച്ച് ആഘോഷിക്കുന്ന വേളയില്‍, ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച സ്നേഹനിര്‍ഭരമായ കുറിപ്പുകളാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്.
തങ്ങളുടെ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ ചില നിമിഷങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ടുളള ഒരുകൂട്ടം പഴയകാല ചിത്രങ്ങളാണ് ആയിഷ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചത്. ജാക്കിയെ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ പിന്‍ബലമെന്ന് വിശേഷിപ്പിച്ച ആയിഷ, "എന്റെ ജീവിതത്തിന്റെ കരുത്തായ പ്രിയപ്പെട്ടവന് വിവാഹ വാര്‍ഷിക ആശംസകള്‍" എന്നാണ് ചിത്രങ്ങൾക്കൊപ്പം കുറിച്ചത്. ഇരുവരുടെയും പഴയകാല പ്രണയചിത്രങ്ങളും വിവാഹ ചടങ്ങുകളില്‍ നിന്നുളള ആകര്‍ഷകമായ ദൃശ്യങ്ങളും ഈ പോസ്റ്റിലുണ്ട്. പ്രിയതമയുടെ സ്നേഹക്കുറിപ്പിന് താഴെ ഹൃദയ ചിഹ്നത്തിന്റെ ഇമോജി നല്‍കിക്കൊണ്ടാണ് ജാക്കി ഷ്രോഫ് പ്രതികരിച്ചത്.
തന്റെ പ്രിയതമയ്ക്ക് ആശംസകള്‍ നേർന്ന് ആയിഷയുടെ നിരവധി ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ഒരു മോഷന്‍ വീഡിയോ ജാക്കി ഷ്രോഫും ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചു. ആയിഷയുടെ ജന്മദിനവും ഒപ്പം തങ്ങളുടെ വിവാഹ വാര്‍ഷികവും ആശംസിച്ചുകൊണ്ടായിരുന്നു ജാക്കിയുടെ പോസ്റ്റ്. സിനിമാ ലോകത്തുനിന്നും ആരാധകരിൽ നിന്നും നിരവധിപ്പേരാണ് ഇരുവർക്കും ആശംസകള്‍ അറിയിച്ചെത്തുന്നത്.
വർഷങ്ങളോളം നീണ്ട പ്രണയത്തിനൊടുവില്‍ 1987-ലാണ് ജാക്കി ഷ്രോഫും ആയിഷ ഷ്രോഫും വിവാഹിതരായത്. ഇന്ന് ബോളിവുഡിലെ മുന്‍നിര ആക്ഷന്‍ താരമായ ടൈഗര്‍ ഷ്രോഫ്, ഫിറ്റ്നസ് വിദഗ്ദ്ധയും സോഷ്യല്‍ മീഡിയ താരവുമായ കൃഷ്ണ ഷ്രോഫ് എന്നിവര്‍ ഇവരുടെ മക്കളാണ്.






