
തിരുവനന്തപുരം: കേന്ദ്രമന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച ചർച്ചകൾക്കിടെ താൻ രാജിസന്നദ്ധത അറിയിച്ചുവെന്ന വാർത്തകൾ തള്ളി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി . രാജിസന്നദ്ധത അറിയിച്ച കാര്യം താൻ മാത്രം അറിഞ്ഞില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പ്രതികരണം.
"സത്യം അറിയാൻ ഒരൊറ്റ ക്ലിക്ക് മതി. അതുകൊണ്ട് ഇത്തരം 'സിനിമാ കഥകൾ' വിശ്വസിച്ച് ആരും സമയം കളയരുത്. വ്യാജ വാർത്തകൾ ചമയ്ക്കുന്നവരോട്... 'അത് ശരിയല്ല... ഇനിയെങ്കിലും മാറ്റണം'" എന്നായിരുന്നു സുരേഷ് ഗോപിയുടെ കുറിപ്പ്.
കേന്ദ്രമന്ത്രിസഭയിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന് സുരേഷ് ഗോപി ആവശ്യപ്പെട്ടതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇക്കാര്യം പ്രധാനമന്ത്രിയെയും അമിത് ഷാ അടക്കമുള്ള നേതാക്കളെ അറിയിച്ചുവെന്നും, നിരവധി സിനിമകൾ പൂർത്തിയാക്കാനുള്ള സാഹചര്യത്തിലാണ് ഇത്തരമൊരു ആവശ്യം മുന്നോട്ടുവച്ചതെന്നുമായിരുന്നു റിപ്പോർട്ടുകൾ.
നിലവിൽ പെട്രോളിയം-പ്രകൃതി വാതക, ടൂറിസം വകുപ്പുകളുടെ കേന്ദ്ര സഹമന്ത്രിയാണ് സുരേഷ് ഗോപി.






