
ഡൽഹി മാളവ്യ നഗറിലെ തീപിടുത്തത്തിൽ മരിച്ചവരിൽ 13 പേർ വിദേശ പൗരന്മാരാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മരിച്ചവരിൽ നാല് പേർ നൈജീരിയൻ സ്വദേശികളാണ്. കിർഗിസ്ഥാനിൽ നിന്നുള്ള മൂന്ന് പേരും അപകടത്തിൽ മരിച്ചു. മൊസാംബിക്ക്, ലൈബീരിയ, ഉസ്ബെക്കിസ്ഥാൻ, ബംഗ്ലാദേശ്, കോംഗോ, ഇറാഖ് എന്നിവിടങ്ങളിൽ നിന്നുള്ള ഓരോ പൗരന്മാരും മരണപ്പെട്ടവരിൽ ഉൾപ്പെടുന്നുവെന്നും മന്ത്രാലയം വ്യക്തമാക്കി.
ഫ്ലോറിഷ് ഇൻ ഹോട്ടലിന്റെ താഴത്തെ നിലയിൽ പ്രവർത്തിച്ചിരുന്ന റസ്റ്റോറന്റിൽ ബുധനാഴ്ച രാവിലെ 8.45ഓടെ സിലിണ്ടർ പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് തീപിടിത്തമുണ്ടായത്. തീ മുകളിലെ നിലകളിലേക്ക് വ്യാപിച്ചതോടെ ഹോട്ടലിലെ അതിഥികൾ കുടുങ്ങി. സമീപത്തെ സ്വകാര്യ ആശുപത്രിയിലെ രോഗികളുടെ കൂട്ടിരിപ്പുകാരും ബന്ധുക്കളും അപകടത്തിൽ അകപ്പെട്ടു. മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ പലരും ശ്വാസംമുട്ടി മരിച്ചതായി കണ്ടെത്തി.
അപകടത്തിൽ പരുക്കേറ്റ 41 പേരെ ഡൽഹി എയിംസിലും മാക്സ് ആശുപത്രിയിലുമായി പ്രവേശിപ്പിച്ചിട്ടുണ്ട്. ദുരന്തസ്ഥലത്ത് ഫോറൻസിക് പരിശോധന തുടരുകയാണ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ച ഫയർഫോഴ്സ് ഗുരുതര നിയമലംഘനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. നിയമവിരുദ്ധമായി 25 മുറികൾ പ്രവർത്തിച്ചിരുന്നതും അഗ്നിരക്ഷാ സംവിധാനങ്ങളുടെയും എമർജൻസി എക്സിറ്റുകളുടെയും അഭാവവും ദുരന്തത്തിന്റെ വ്യാപ്തി വർധിപ്പിച്ചതായി കണ്ടെത്തി.






