
ന്യൂഡൽഹി: ജമ്മു കശ്മീരിനെക്കുറിച്ചുള്ള അനാവശ്യ പരാമർശങ്ങൾക്ക് മറുപടിയായി, വെള്ളിയാഴ്ച നടന്ന ഐക്യരാഷ്ട്ര പൊതുസഭയുടെ സമ്മേളനത്തിൽ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി പി. ഹരീഷ് പാകിസ്താന് ശക്തമായ മറുപടി നൽകി. തെറ്റായതും പക്ഷപാതപരവുമായ ആഖ്യാനങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ അദ്ദേഹം ഇസ്ലാമാബാദിന് മുന്നറിയിപ്പ് നൽകി.
ജമ്മു കശ്മീരുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പൂർണ്ണമായും ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്ന് ആവർത്തിച്ച ഹരീഷ്, കേന്ദ്രഭരണ പ്രദേശം "എന്നും ഇന്ത്യയുടെ അവിഭാജ്യവും വേർപെടുത്താനാകാത്തതുമായ ഭാഗമായി തുടരുമെന്ന്" വ്യക്തമാക്കി. "ഇതിന് വിരുദ്ധമായുള്ള എല്ലാ അവകാശവാദങ്ങളും അടിസ്ഥാനരഹിതവും ചരിത്രവസ്തുതകൾക്ക് നിരക്കാത്തതുമാണ്. പാകിസ്താന്റെ പൊള്ളയായ വാചകക്കസർത്തുകൾക്കും അവകാശവാദങ്ങൾക്കും ഈ അടിസ്ഥാന യാഥാർത്ഥ്യത്തെ മാറ്റാൻ കഴിയില്ല," ഹരീഷ് പറഞ്ഞു.
സുരക്ഷാ കൗൺസിലിന്റെ വാർഷിക റിപ്പോർട്ടിന്മേൽ പൊതുസഭയിൽ നടന്ന ചർച്ചയ്ക്കിടെ പാകിസ്താന്റെ സ്ഥിരം പ്രതിനിധി ആസിം ഇഫ്തിഖർ അഹമ്മദ് നടത്തിയ കശ്മീർ പരാമർശങ്ങൾക്ക് മറുപടി നൽകുകയായിരുന്നു ഹരീഷ്. തങ്ങളുടെ വിഘടനവാദ രാഷ്ട്രീയ താൽപ്പര്യങ്ങൾക്കായി ഉന്നതമായ യു.എൻ വേദികളെ ദുരുപയോഗം ചെയ്യുന്ന പതിവ് ശൈലിയിൽ നിന്ന് ഈ ഫോറത്തെപ്പോലും ഒഴിവാക്കേണ്ടതില്ലെന്ന് പാകിസ്താൻ തീരുമാനിച്ചിരിക്കുകയാണ് എന്ന് ഹരീഷ് കുറ്റപ്പെടുത്തി.
സുരക്ഷാ കൗൺസിലിലെ തിരഞ്ഞെടുക്കപ്പെട്ട അംഗമെന്ന നിലയിലുള്ള പാകിസ്താന്റെ രണ്ടു വർഷത്തെ കാലാവധി ഈ വർഷം അവസാനിക്കും.
ഇന്ത്യൻ ഭൂപ്രദേശമായ ഗിൽഗിത്-ബാൾട്ടിസ്ഥാനെ പാകിസ്താൻ നിയമവിരുദ്ധമായും ബലപ്രയോഗത്തിലൂടെയും കൈവശപ്പെടുത്തിയിരിക്കുകയാണെന്ന് വ്യക്തമാക്കിക്കൊണ്ട്, അവിടെ ജൂൺ 7-ന് പൊതുതിരഞ്ഞെടുപ്പ് നടത്താനുള്ള പാകിസ്താന്റെ നീക്കത്തിനെതിരെ വിദേശകാര്യ മന്ത്രാലയം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പാകിസ്താന്റെ നിയമവിരുദ്ധമായ അധിനിവേശത്തിലുള്ള പ്രദേശങ്ങളിൽ നടക്കുന്ന ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങൾ, രാഷ്ട്രീയ അടിച്ചമർത്തലുകൾ, സാമ്പത്തിക ചൂഷണം, സ്വാതന്ത്ര്യം നിഷേധിക്കൽ തുടങ്ങിയ അടിസ്ഥാന പ്രശ്നങ്ങളെ മറച്ചുവെക്കാൻ പാകിസ്താന്റെ ഇത്തരം ശ്രമങ്ങൾക്ക് കഴിയില്ലെന്ന് മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറഞ്ഞു.
നിയമവിരുദ്ധ അധിനിവേശത്തിലുള്ള പ്രദേശങ്ങളിൽ ഭൗതികമായ മാറ്റങ്ങൾ വരുത്താനുള്ള പാകിസ്താന്റെ ഏതൊരു ശ്രമത്തെയും ഭാരത സർക്കാർ പൂർണ്ണമായി തള്ളിക്കളയുന്നു. ഇന്ത്യൻ പ്രദേശങ്ങൾ പാകിസ്താൻ നിയമവിരുദ്ധമായി കൈവശം വെച്ചിരിക്കുകയാണെന്ന വസ്തുതയെ മറയ്ക്കാൻ ഇത്തരം നടപടികൾക്ക് കഴിയില്ലെന്നും ആ പ്രദേശങ്ങൾ പാകിസ്താൻ ഒഴിഞ്ഞുതരണമെന്നും മന്ത്രാലയം അടിവരയിട്ടു പറഞ്ഞു
പിന്നീട്, ഇന്ത്യയുടെ ഈ പരാമർശങ്ങളെ ഇസ്ലാമാബാദ് തള്ളിക്കളഞ്ഞു. ഗിൽഗിത്-ബാൾട്ടിസ്ഥാനിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ഇന്ത്യയുടെ അടിസ്ഥാനരഹിതമായ പരാമർശങ്ങളെ പാകിസ്താൻ ശക്തമായി തള്ളിക്കളയുന്നതായി അവരുടെ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.






