
കോട്ട: രാജസ്ഥാനിലെ കോട്ട ജില്ലയിലെ പുരാതനമായ ചന്ദ്രശേൽ മഠത്തിലെ 35 വയസ്സുകാരനായ യുവസന്യാസി മഹന്ത് ദേവനന്ദ് മഹാരാജ് അതി ദാരുണമായി കൊല്ലപ്പെട്ടു. വെള്ളിയാഴ്ച അർദ്ധരാത്രിയോടെയാണ് സംഭവം നടന്നത്. സന്ന്യാസിക്ക് 26 തവണ കുത്തേറ്റതായാണ് വിവരം. അക്രമികൾ ആരെന്ന് തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തെ തുടർന്ന് പ്രദേശത്ത് ജനരോഷം ശക്തമാണ്.
വെള്ളിയാഴ്ച രാത്രി 12 മണിയോടെ കോട്ടയിലെ ബോർഖേഡ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള മഠത്തിലേക്ക് അക്രമികൾ അതിക്രമിച്ചു കയറുകയായിരുന്നുവെന്ന് ഡി.എസ്.പി രുദ്രപ്രതാപ് ശർമ്മ ശനിയാഴ്ച പറഞ്ഞു. മഠത്തിലുണ്ടായിരുന്ന രണ്ട് സന്യാസിമാരിൽ ഒരാളെ അക്രമികൾ മുറിക്കുള്ളിൽ പൂട്ടിയിട്ട ശേഷമാണ് ദേവാനന്ദ് മഹന്തിനെ മൂർച്ചയേറിയ ആയുധങ്ങൾ ഉപയോഗിച്ച് ക്രൂരമായി ആക്രമിച്ചത്. സഹായത്തിനായുള്ള മഹന്തിന്റെ ദയനീയമായ നിലവിളി കേട്ട് ആശ്രമത്തിലെ ജീവനക്കാരുൻ സമീപവാസികളായ ഗ്രാമീണരും സംഭവസ്ഥലത്തേക്ക് ഓടിയെത്തി. അവർ വാതിൽ തകർത്ത് അകത്തുകടക്കുമ്പോഴേക്കും അക്രമികൾ ഇരുട്ടിന്റെ മറവിൽ രക്ഷപ്പെട്ടിരുന്നു.
ആക്രമണത്തിൽ മഹന്തിന്റെ ശരീരത്തിലെ പ്രധാന ഭാഗങ്ങളിൽ 26-ൽ അധികം മാരകമായ മുറിവുകളേറ്റതായും, വെള്ളിയാഴ്ച രാത്രി തന്നെ ആശുപത്രിയിൽ വെച്ച് അദ്ദേഹം മരണത്തിന് കീഴടങ്ങിയതായും ഡി.എസ്.പി വ്യക്തമാക്കുകയുണ്ടായി.






