
തെന്നിന്ത്യന്‍ സിനിമാപ്രേമികളുടെയും ഹിന്ദി സിനിമാ ആരാധകരുടെ മനസ്സില്‍ ആഴത്തില്‍ പതിഞ്ഞ ഒരു സിനിമയായിരുന്നു റോജ. ആ സിനിമയിലെ റോജ എന്ന കഥാപാത്രം അവതരിപ്പിച്ചതിലൂടെ മധൂ ഷാ എന്ന അഭിനേത്രിയും പലരുടെയും മനസ്സില്‍ പതിഞ്ഞത്. മലയാളത്തിലും തമിഴിലുമായി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും അന്നും ഇന്നും സിനിമാപ്രേമികൾക്ക് മധൂ ഷാ റോജയാണ്. പ്രായം അമ്പത്തഞ്ച് കഴിഞ്ഞെങ്കിലും ഇന്നും വെള്ളിത്തിരയില്‍ മികച്ച കഥാപാത്രങ്ങള്‍ നല്കി സജീവമായ മധൂ. സോഷ്യല്‍ മീഡിയയിലൂടെ താരം പങ്കിടുന്ന ചിത്രങ്ങള്‍ വളരെ പെട്ടെന്ന് ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.
ഇപ്പോഴിതാ ഒരു സിനിമയില്‍ അഭിനയിക്കുന്നതിനിടെ നാനാ പടേക്കര്‍ തന്നെ ശരിക്കും തല്ലിയെന്ന് പറയുകയാണ് മധൂ ഷാ. ഒരു വികാരഭരിതമായ രംഗത്തിനിടെ സഹതാരമായ നാനാ പടേക്കർ തന്നെ ഷോട്ടിനിടെ യഥാർത്ഥത്തിൽ അടിച്ചുവെന്നും ദേഷ്യം വന്ന താൻ മറിച്ചൊന്നും ചിന്തിക്കാതെ തിരിച്ച് അടിക്കുകയായിരുന്നുവെന്നും താരം പറയുന്നു. നാനാ പടേക്കറിനൊപ്പം പ്രവർത്തിച്ച അനുഭവം തനിക്ക് മെത്തഡ് ആക്ടിങ്ങിന്റെ ഒരു വലിയ പാഠമായിരുന്നുവെന്നും അഭിനയത്തെ കാണുന്ന തന്റെ കാഴ്ചപ്പാടിനെ തന്നെ മാറ്റിമറിച്ചുവെന്നും ഒതന്റിസിറ്റിയോട് അതീവ പ്രതിബദ്ധത പുലർത്തുന്ന നടനാണ് അദ്ദേഹമെന്നും പറയുകയാണ് മധൂ ഷാ.
‘‘ഒതന്റിസിറ്റിയോട് അതീവ പ്രതിബദ്ധത പുലർത്തുന്ന താരമാണ് നാനാ പടേക്കര്‍. സിനിമയിലെ കൃത്രിമത്വങ്ങളെ ആശ്രയിക്കാതെ യഥാർത്ഥ വികാരങ്ങൾ പ്രകടിപ്പിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. നാനാ പടേക്കർജിക്കൊപ്പം അഭിനയിച്ചപ്പോഴാണ് ഞാൻ മെത്തഡ് ആക്ടറായത്. 1997ൽ പുറത്തിറങ്ങിയ യശ്വന്ത് സിനിമയിലെ ഒരു രംഗത്തിന് വേണ്ടി ഞങ്ങൾ ഗ്ലിസറിൻ ഉപയോഗിച്ച് കരയാൻ തയ്യാറെടുക്കുമായിരുന്നു.
പക്ഷെ അദ്ദേഹം പറഞ്ഞു ഗ്ലിസറിൻ വേണ്ട... സിറ്റുവേഷൻ എന്താണെന്നത് ഉൾക്കൊണ്ട് കണ്ണുനീർ സ്വാഭാവികമായി വരുത്തൂവെന്ന്. ഒരു പ്രധാന വൈകാരിക രംഗത്തിൽ എനിക്ക് സ്വാഭാവികമായി കരയാൻ കഴിയാതെ വന്നപ്പോഴാണ് സംഭവം നടന്നത്. ആ രംഗത്തിൽ എനിക്ക് കണ്ണുനീർ വരുന്നില്ലായിരുന്നു.
അപ്പോൾ ഷോട്ടിനിടെ അദ്ദേഹം എന്നെ ശരിക്കും അടിച്ചു. റിഹേഴ്സലിൽ അങ്ങനെ ഒന്നും ഉണ്ടായിരുന്നില്ല. ഷോട്ടിനിടെ അത് സംഭവിച്ചതോടെ ഞാൻ ഞെട്ടിപ്പോയി. അപ്രതീക്ഷിതമായ ആ അടിയിൽ എനിക്ക് കടുത്ത ദേഷ്യം വന്നു. ഞാൻ വളരെ പെട്ടെന്ന് ദേഷ്യം വരുന്ന ആളായിരുന്നു. ഇപ്പോഴും അങ്ങനെ തന്നെയായിരിക്കാം. എനിക്ക് വല്ലാതെ ദേഷ്യം വന്നു. അതുകൊണ്ട് ഞാനും അദ്ദേഹത്തെ ഉടനെ തിരിച്ച് അടിച്ചു. അത് മുൻകൂട്ടി ആലോചിച്ച് നടത്തിയ പ്രതികരണമല്ലായിരുന്നു. വെറും റിഫ്ലെക്ഷനായിരുന്നു. എന്നെ അടിച്ചതുകൊണ്ട് പിന്നാലെ ഞാൻ തിരിച്ച് അടിക്കുകയായിരുന്നു. എന്റെ സ്വാഭാവികമായ പ്രതികരണമായിരുന്നു അത്.
യശ്വന്ത് സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട രംഗങ്ങളിലൊന്നായിരുന്നു അത്. സംവിധായകൻ അനിൽ മട്ടു ആ രംഗത്തിനായി ഒരു മുഴുവൻ ദിവസം മാറ്റിവെച്ചിരുന്നു. ഭർത്താവും ഭാര്യയും തമ്മിലുള്ള ഏറ്റവും നിർണായകമായ രംഗമായിരുന്നു അത്. അതിനായി മുഴുവൻ ദിവസവും മാറ്റിവെച്ചിരുന്നു. പരസ്പരം യഥാർത്ഥത്തിൽ അടിച്ചതിനാൽ ആ സീനിൽ കാണുന്ന വികാരങ്ങൾ പൂർണമായും യഥാർത്ഥമായിരുന്നു. ഞങ്ങൾ രണ്ടുപേരും പരസ്പരം ശരിക്കും അടിച്ചു. മാസ്റ്റർ ഷോട്ടിൽ ലഭിച്ച വികാരങ്ങൾ അതുകൊണ്ടുതന്നെ പൂർണമായും യഥാർത്ഥമായിരുന്നു. രംഗത്തിന്റെ തീവ്രത അത്രയേറെ ശക്തമായിരുന്നതിനാൽ പിന്നീട് കൂടുതൽ ഷോട്ടുകൾ എടുക്കേണ്ട സാഹചര്യം ഉണ്ടായില്ല. ഈ അനുഭവം എന്നെ മെത്തഡ് ആക്ടിങ്ങിലേക്ക് നയിച്ചു.
നാനാജിയോടൊപ്പമാണ് ഞാൻ മെത്തഡ് ആക്ടിങ് പഠിച്ചത്. അതിനുമുമ്പ് കാമറ ഓണാകുമ്പോൾ മാത്രം കഥാപാത്രമാകുകയും ഷോട്ട് കഴിഞ്ഞാൽ സാധാരണ ജീവിതത്തിലേക്ക് മടങ്ങുകയും ചെയ്യുന്ന സ്വിച്ച് ഓൺ-സ്വിച്ച് ഓഫ് രീതിയിലുള്ള നടിയായിരുന്നു. എന്നാൽ കഥാപാത്രത്തെ ഉള്ളിൽ നിന്ന് അനുഭവിച്ചറിയുകയും അതായി ജീവിക്കുകയും വേണമെന്ന ആശയം നാനാ പടേക്കര്‍ ജിയില്‍ നിന്നാണ് ഞാന്‍ പഠിച്ചത്. അഭിനയിക്കരുത്, കഥാപാത്രത്തെ അനുഭവിക്കണം. ആ കഥാപാത്രം അനുഭവിക്കുന്നതെല്ലാം ജീവിച്ച് കാണിക്കണം എന്നതായിരുന്നു അദ്ദേഹത്തിന്റെ സമീപനം...’’ മധൂ ഷാ പറഞ്ഞു. ഹിന്ദി റഷിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ ഈ തുറന്നു പറച്ചില്.






