
ടെല്‍ അവീവ്: ടെഹ്റാനില്‍ നിന്നുള്ള മിസൈല്‍ ആക്രമണത്തിന് മറുപടിയായി മധ്യ, പടിഞ്ഞാറന്‍ ഇറാനെ ലക്ഷ്യമിട്ട് ഇസ്രായേലിന്റെ കനത്ത വ്യോമാക്രമണം. ഇതോടെ ഇരുരാജ്യങ്ങളും തമ്മില്‍ വീണ്ടും ശക്തമായ യുദ്ധത്തിലേക്ക് നീങ്ങാനുള്ള സാധ്യതയേറി. യുദ്ധം അവസാനിപ്പിക്കാനുള്ള മധ്യസ്ഥ ശ്രമങ്ങളെ ആക്രമണം കൂടുതല്‍ സങ്കീര്‍ണ്ണമാക്കി. ടെഹ്റാനില്‍ രണ്ട് സ്ഫോടനങ്ങളും ഇസ്ഫഹാന്, കരാജ്, തബ്രിസ് എന്നീ നഗരങ്ങളില്‍ മൂന്ന് സ്ഫോടന ശബ്ദങ്ങളും കേട്ടതായി ഇറാന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ആക്രമണത്തിന് പിന്നാലെ രാജ്യത്തെ പ്രധാന വിമാനത്താവളമായ ടെഹ്റാനിലെ ഇമാം ഖൊമേനി അന്താരാഷ്ട്ര വിമാനത്താവളത്തിന് ചുറ്റുമുള്ള വ്യോമാതിര്‍ത്തി ഇറാന് അടച്ചു. ഏപ്രില്‍ ആദ്യം പ്രാബല്യത്തില്‍ വന്ന താത്കാലിക വെടിനിര്‍ത്തലിന് ശേഷം ഇറാന് നടത്തിയ ആക്രമണത്തിന് മറുപടിയായിട്ടാണ് ഇസ്രായേലിന്റെ ആക്രമണം. വാഷിംഗ്ടണിന്റെ നിര്‍ദ്ദേശം ലംഘിച്ച് ഇസ്രായേല്‍ ബെയ്റൂട്ടില്‍ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായിട്ടായിരുന്നു ആക്രമണമെന്നാണ് ഇറാന്റെ മറുപടി. തിങ്കളാഴ്ച പുലര്‍ച്ചെ നടന്ന ആക്രമണത്തില്‍ ഇസ്രായേല്‍ വായുവില്‍ നിന്ന് തൊടുക്കാവുന്ന ബാലിസ്റ്റിക് മിസൈലുകളാണ് ഉപയോഗിച്ചതെന്ന് ഇറാന്റെ റവല്യൂഷണറി ഗാര്‍ഡ് അറിയിച്ചു.
ഇറാന് മിസൈലുകള്‍ എത്തിയതോടെ ഇസ്രായേലിലെ പല പ്രദേശങ്ങളിലും സൈറണുകള്‍ മുഴങ്ങി. ഇതോടെ ദശലക്ഷക്കണക്കിന് ആളുകള്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് ഓടി മാറി. മൂന്ന് ഘട്ടങ്ങളായി വന്ന മിസൈലുകളെ തങ്ങള്‍ തടഞ്ഞതായും രാജ്യത്തിന്റെ വടക്കന്‍ ഭാഗങ്ങളില്‍ വന്‍ സ്ഫോടന ശബ്ദങ്ങള്‍ കേട്ടതായും ഇസ്രായേല്‍ സൈന്യം അറിയിച്ചു. കുറഞ്ഞത് 10 ബാലിസ്റ്റിക് മിസൈലുകളെങ്കിലും ഇസ്രായേല്‍ തകര്‍ത്തതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇസ്രായേല്‍ ഇനി കൂടുതല്‍ പ്രതികരണങ്ങള്‍ക്ക് മുതിരേണ്ടതില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞതായി ഇസ്രായേലിന്റെ പൊതു പ്രക്ഷേപകരായ 'കാന്‍' റിപ്പോര്‍ട്ട് ചെയ്തു. ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന് നെതന്യാഹുവിനോട് ഇറാന്റെ മിസൈല്‍ ആക്രമണത്തിന് എതിരെ ഉടന്‍ തിരിച്ചടി നല്‍കരുതെന്നും നയതന്ത്ര ചര്‍ച്ചകള്‍ക്ക് കൂടുതല്‍ സമയം നല്‍കണമെന്നും ട്രംപ് ആവശ്യപ്പെട്ടതായി അമേരിക്കന്‍ മാധ്യമമായ 'ആക്സിയോസ്' റിപ്പോര്‍ട്ട് ചെയ്യുന്നു. ബെയ്റൂട്ടില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തിന് തങ്ങളുടെ ഭരണകൂടം അനുമതി നല്‍കിയിരുന്നില്ലെന്ന് മുതിര്‍ന്ന യുഎസ് ഉദ്യോഗസ്ഥനും വ്യക്തമാക്കി.






