
ചിന്നക്കനാല്‍: സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തില്‍ മരണം റിപ്പോര്‍ട്ട് ചെയ്തു. സൂര്യനെല്ലിയില്‍ തിരുവള്ളൂര്‍ ഉന്നതിയിലെ മാരി (37) യാണ് മരണമടഞ്ഞത്. കൂടെയുണ്ടായിരുന്ന കുഞ്ഞിന് പരിക്കേറ്റു. കുട്ടിയെ സ്കൂളിലേക്ക് കൊണ്ടുപോകുമ്പോഴായിരുന്നു കാട്ടാന ആക്രമണമുണ്ടായത്. പരിക്കേറ്റ കുഞ്ഞിനെ താലുക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് രാവിലെയായിരുന്നു സംഭവം.
മാരിയെ കാട്ടാന ചവിട്ടി കൊലപ്പെടുത്തുകയായിരുന്നു. അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായ ദക്ഷനുമായി സ്കൂളിലേക്ക് പോകുമ്പോഴായിരുന്നു ആനയുടെ ആക്രമണം ഉണ്ടായത്. രണ്ട് യുവതികള്‍ക്കും പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരെ വനംവകുപ്പ് എത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇന്ന് രാവിലെ മുതല്‍ സൂര്യനെല്ലി ഭാഗത്ത് കാട്ടാനക്കൂട്ടം ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രദേശവാസികള്‍ക്ക് ജാഗ്രത നിര്‍ദേശവും നല്‍കിയിരുന്നു. കാട്ടാന പടയപ്പ വീണ്ടും ജനവാസമേഖലയില്‍ ഇറങ്ങിയതായി റിപ്പോര്‍ട്ടുണ്ട്.
ഇന്നലെ രാത്രിയാണ് മൂന്നാര്‍ പെരിയവരെ ചോല ഡിവിഷനില്‍ കാട്ടാന ഇറങ്ങിയത്. കഴിഞ്ഞ ദിവസം കന്നിമല ഭാഗത്തായിരുന്നു കാട്ടാന ഉണ്ടായിരുന്നത്. ഏറെ നേരം ജനവാസമേഖലയില്‍ തമ്പടിച്ച പടയപ്പ പ്രദേശത്ത് വ്യാപകമായി കൃഷി നശിപ്പിച്ചു എന്ന് നാട്ടുകാര്‍ ആരോപിച്ചു.






