
കൊട്ടിഘോഷിച്ച ഓൺലൈൻ പാർട്ടിയുടെ ബാനറിൽ ഡൽഹി ജന്തർ മന്ദിറിൽ പ്രതിഷേധിക്കാനെത്തിയ പാറ്റകൾ, ഈയാംപാറ്റകളായെങ്കിലും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇതൊരു 'വെയ്ക്കപ്പ് കോളെ 'ന്ന് വിലയിരുത്തൽ. സുപ്രധാന വകുപ്പായ വിദ്യാഭ്യാസത്തിന് മോദി സർക്കാർ വേണ്ടത്ര പ്രാധാന്യം നൽകാത്തതിൽ ആർ.എസ്.എസിനും നീരസം. വൈകാതെ നടക്കാനിരിക്കുന്ന മന്ത്രിസഭാ പുന:സംഘടനയിലൂടെ മോദി ഈ പരിമിതി മറികടക്കുമോയെന്നാണ് രാഷ്ട്രീയ ഇന്ത്യ ഉറ്റുനോക്കുന്നത്.
ബി.ജെ.പി. രാജ്യത്ത് ആദ്യമായി അധികാരത്തിൽ വന്ന വാജ്പേയ് സർക്കാറിൽ വിദ്യാഭ്യാസ വകുപ്പിന്റെ ചുമതല വഹിച്ചിരുന്നത് കാവി രാഷ്ട്രീയത്തിലെ അതികായനായ മുരളി മനോഹർ ജോഷിയായിരുന്നു. ഹിന്ദുത്വ രാഷ്ട്രീയത്തോടും രാജ്യത്തിന്റെ സാംസ്ക്കാരിക പൈതൃകത്തോടും വിധേയത്വമുള്ള തലമുറയെ വാർത്തെടുക്കാൻ, ബ്രീട്ടീഷുകാർ വിഭാവനം ചെയ്ത വിദ്യാഭ്യാസ രീതി പൊളിച്ചെഴുതണമെന്നായിരുന്നു ആർ.എസ്.എസ്. നിലപാട്. തന്ത്ര പ്രധാന വകുപ്പുകളായ പ്രതിരോധ, ആഭ്യന്തര, ധനകാര്യ വകുപ്പുകളുടെ അതേ പ്രാധാന്യം നൽകി വിദ്യാഭ്യാസ വകുപ്പിന്റെ ചുമതല ആർ.എസ്.എസ്. സൈദ്ധാന്തികൻ കൂടിയായ ജോഷിക്ക് നൽകി. ജോഷി തുടങ്ങി വെച്ച വിദ്യാഭ്യാസ പരിഷ്ക്കരണമാണ് മോദി സർക്കാറും പിന്തുടരുന്നതെങ്കിലും മന്ത്രിമാരെ നിശ്ചയിക്കുന്നതിൽ ജാഗ്രത പാലിക്കുന്നില്ലെന്നാണ് സംഘപരിവാർ സംഘടനകളിൽ നിന്നു തന്നെ ഉയരുന്ന വിമർശനം.
ഒന്നാം മോദി സർക്കാറിൽ സീരിയൽ രംഗത്ത് നിന്ന് രാഷ്ട്രീയത്തിലെത്തിയ സ്മൃതി ഇറാനിയ്ക്ക് ആയിരുന്നു വിദ്യാഭ്യാസ വകുപ്പ്. നിലവിൽ ഈ വകുപ്പ് കൈകാര്യം ചെയ്യുന്നതാകട്ടെ, ബി.ജെ.പി.യിലെ മികച്ച 'ഇലക്ഷൻ മാനേജർ 'മാരിൽ ഒരാളായ ധർമേന്ദ്ര പ്രധാൻ. സുപ്രധാന വകുപ്പിന്റെ ചുമതല വഹിക്കുമ്പോഴും വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്ന തെരഞ്ഞെടുപ്പുകളുടെ ചുമതലയും പാർട്ടി ഏൽപ്പിക്കുന്നത് ധർമേന്ദ്ര പ്രധാനെ തന്നെ. ഒടുവിൽ നടന്ന ബിഹാർ തെരഞ്ഞെടുപ്പിൽ മാസങ്ങളോളം സംസ്ഥാനത്ത് തമ്പടിച്ചു പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് പാർട്ടിക്ക് മികച്ച വിജയം സമ്മാനിപ്പിച്ചെങ്കിലും തൊട്ടുപിന്നാലെ നടന്ന നീറ്റ് ചോദ്യ പേപ്പർ ചോർച്ചയിലൂടെ പ്രതികൂട്ടിലായി. തന്ത്ര പ്രധാനമായി ആർ.എസ്.എസ്. വിശേഷിപ്പിക്കുന്ന വിദ്യാഭ്യാസ വകുപ്പിന് മുഴുവൻ സമയ മന്ത്രിയില്ലാത്ത സാഹചര്യമാണെന്നത് സംഘ പരിവാർ നേതൃത്വത്തെ അസ്വസ്ഥപ്പെടുത്തുന്നു.
തെരഞ്ഞെടുപ്പ് വിജയിപ്പിക്കുന്ന ഇലക്ഷൻ മാനേജർമാർക്ക് സമ്മാനമായി നൽകേണ്ടതല്ല സുപ്രധാന വകുപ്പുകളുടെ ചുമതലയെന്നാണ് ഇവരുടെ പരാതി. ആർ.എസ്.എസ്. സൈദ്ധാന്തികരെ തന്നെ വകുപ്പ് ഏൽപ്പിക്കണമെന്നാണ് ആവശ്യം. കേന്ദ്ര വനം - പരിസ്ഥിതി മന്ത്രിയായ ഭൂപേന്ദ്ര യാദവിനും ഇതേ നിലയിലാണ് പ്രധാന വകുപ്പു ലഭിച്ചതെന്നും വിമർശനം. ഇലക്ഷൻ മാനേജർമാർക്ക് മന്ത്രി സ്ഥാനം നൽകിയാൽ തന്നെ അപ്രധാന വകുപ്പായിരിക്കണമെന്നാണ് നിർദേശം.
രാജ്യത്തെ വിദ്യാർത്ഥി സമൂഹത്തിൽ ഭൂരിപക്ഷത്തേയും നേരിട്ട് ബാധിക്കുന്ന ചോദ്യപേപ്പർ ചോർച്ച, തെറ്റായ മൂല്യനിർണ്ണയ സംവിധാനം എന്നിവയിൽ പ്രതിഷേധിച്ച് ഇന്നലെ ജന്തർ മന്ദിറിൽ നടന്ന സമരം അണ്ണാ ഹസാരെ മൂവ്മെന്റിന് സമാനമായിരുന്നെങ്കിൽ പപണി കിട്ടിയേനെയെന്ന വിലയിരുത്തൽ സംഘ പരിവാറിലുണ്ട്. യു.പി.എ. സർക്കാറിലെ അഴിമതിക്കെതിരേ നടന്ന പ്രതിഷേധ മുന്നേറ്റത്തിന് ഹസാരയ്ക്കൊപ്പം കിരൺ ബേദി, പ്രശാന്ത് ഭൂഷൺ, അരവിന്ദ് കെജ്രിവാൾ അടക്കമുള്ള അറിയപ്പെടുന്ന നേതൃനിരയായിരുന്നു അണിനിരന്നത്.
കെജ്രിവാൾ നേതൃത്വം നൽകിയ എൻ.ജി.ഒ. നെറ്റ് വർക്കിലൂടെ പ്രതിഫലം നൽകിയായിരുന്നു വോളണ്ടിയർമാരെ എത്തിച്ചിരുന്നത്. എന്നാൽ ഇന്നലെ നടന്ന പ്രതിഷേധ പരിപാടി താൽക്കാലിക പ്രതിഭാസം മാത്രമായി. സമര പ്രവർത്തകർക്ക് സൗകര്യങ്ങളൊരുക്കാൻ സാമ്പത്തിക സമാഹാരണം പോലും നടത്തിയിരുന്നില്ല. എ.സി. മുറികളിലിരുന്ന് സോഷ്യൽ മീഡിയയിൽ പ്രതികരിച്ചവർക്ക് ജന്തർ മന്ദിറിലെ ചുട്ടുപൊള്ളുന്ന വെയിലേറ്റ പാടെ ബോധക്ഷയം. കാശുള്ള നേതാകൾക്ക് ഇടനേരങ്ങളിൽ കോഫിയുമായി പരിചാരകർ. അല്ലാത്തവർക്ക് പട്ടിണി. പോലീസാണെങ്കിൽ സമരത്തിന് അനുമതി നിഷേധിച്ചില്ലെന്ന് മാത്രമല്ല, രാവിലെ പത്ത് മുതൽ വൈകീട്ട് അഞ്ച് വരെ സ്ഥലം അനുവദിക്കുകയും ചെയ്തു. ഇതോടെ കടുത്ത വെയില് തുടർച്ചയായേറ്റ് പാറ്റകളുടെ ചിറക് കരിഞ്ഞ് ഈയാം പാറ്റകളായി. രാജ്യ തലസ്ഥാനത്ത് ശൈത്യകാലത്ത് മാത്രം സമരം നടക്കുന്ന സാഹചര്യത്തിലാണ് പാറ്റകൾ കടുംവേനലിൽ കളത്തിലിറങ്ങിയത്.
സമരത്തിന് തെരഞ്ഞെടുത്ത സമയത്തിനൊപ്പം തന്നെ വിഷയത്തിലും പാറ്റകൾക്ക് പാളിച്ച പറ്റി. രാജ്യത്തെ പതിനായിര കണക്കിന് സെന്ററുകളിലേക്ക് അയച്ചു കൊടുത്ത ചോദ്യപേപ്പറുകളിൽ ചിലതാണ് ചോർന്നത്. പരീക്ഷാ സെന്ററുകളിലെ ജീവനക്കാരും ഉദ്യോഗസ്ഥരിൽ ചിലരുമാണ് പിന്നിലെന്ന് കണ്ടെത്തി അന്വേഷണ ഏജൻസികൾ അറസ്റ്റ് അടക്കമുളള നടപടികളും സ്വീകരിച്ചു. ചോദ്യപേപ്പർ തയ്യാറാക്കലും പരീക്ഷാ കേന്ദ്രങ്ങളിലെത്തിക്കലും പൂർണമായും ഓൺലൈനാക്കാനുളള പദ്ധതിയും തയ്യാറാക്കി. സി.ബി.എസ്.ഇ. വിഷയത്തിലാകട്ടെ ചെയർമാനെയടക്കം പുറത്താക്കി നടപടി വന്നു.
ഈയൊരു സാഹചര്യത്തിൽ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് തെരുവിലറങ്ങുന്നത് രാഷ്ട്രീയ പ്രേരിതമായി വ്യാഖ്യാനിച്ചേക്കുമെന്ന ആശങ്കയിലാണ് പ്രതിപക്ഷ നേതാവ് രാഹുൽ പോലും സമരം ഏറ്റെടുക്കാതിരുന്നത് എന്നിരിക്കെയാണ് പാറ്റകൾ തിളച്ചു മറിഞ്ഞ തെരുവിലിറങ്ങി ഈയാം പാറ്റകളായത്. മുമ്പും സമാന രീതിയിൽ ചോദ്യപേപ്പർ ചോർച്ച ഉണ്ടായിട്ടുണ്ടെങ്കിലും അതിന്റെ പേരിൽ മന്ത്രിമാർ രാജി വെച്ച ചരിത്രം ഉണ്ടായിട്ടില്ല.
അതേസമയം പാറ്റകളുടെ സമരത്തിൽ നിന്ന് പാഠം ഉൾകൊണ്ടില്ലെങ്കിൽ മോദി, വലിയ വില കൊടുകേണ്ടി വരുമെന്ന വെയ്ക്കപ്പ് കോളാണ് ഇന്നലെ ജന്തർ മന്ദിറിൽ നിന്ന് മുഴങ്ങിയത്. തുടർച്ചയായ മൂന്നാം സർക്കാറിനേയും നയിക്കുന്ന മോദിയെന്ന ബ്രാന്റിന് ബദൽ കണ്ടെത്താൻ സമയമായെന്നും ഈ കോൾ സംഘപരിവാറിനെ ഓർമിപ്പിക്കുന്നു.






