
കോട്ടയം: ബലിപ്പെരുന്നാളിനു ശേഷം എത്തുമെന്നു കരുതിയവരും എത്തുന്നില്ല, റെയില്‍വേ സ്റ്റേഷനുകളിലൂം ബസ് സ്റ്റാന്ഡുകളിലുമെത്തുന്ന അതിഥി തൊഴിലാളികളെ റാഞ്ചാന്‍ കരാറുകാരും ഇടനിലക്കാരും. പശ്ചിമബംഗാള്‍, അസം നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു പിന്നാലെ അതിഥി തൊഴിലാളികളില്‍ നല്ലൊരു പങ്കും നാട്ടിലേക്കു മടങ്ങിയത് നിര്‍മാണ, വ്യാപാര, കാര്‍ഷിക മേഖലയുടെ പ്രവര്‍ത്തനത്തെ താളം തെറ്റിച്ചിരുന്നു.
കെട്ടിട നിര്‍മാണ കരാറുകരാണ് ഏറെ വലയുന്നത്. ഓണത്തിനു ഗൃഹപ്രവേശം ലക്ഷ്യമിട്ടു നിരവധി വീടുകളുടെ നിര്‍മാണ കരാര്‍ വലിപ്പ ചെറുപ്പ ഭേദമില്ലാതെ കരാറുകാര്‍ ഏറ്റെടുത്തിരുന്നു. തൊഴിലാളി ക്ഷാമം മൂലം ഇവയില്‍ പലതിന്റെയും പണി മുടങ്ങിയതോ ഇഴഞ്ഞു നീങ്ങുന്നതോ പ്രതിസന്ധിക്കു കാരണമായിരിക്കുകയാണ്്. ഇതു പലയിടങ്ങളിലും ഉടമകളും കരാറുകാരും തമ്മിലുള്ള തര്‍ക്കങ്ങളിലേക്കു വഴി തെളിച്ചിരിക്കുകയാണ്. 50 ശതമാനത്തിനു മേല്‍ പണികള്‍ മുടങ്ങിയതിനാല്‍ ചെറുകിട കരാറുകാര്‍ പലരും വലിയ സാമ്പത്തിക പ്രതിസന്ധിയിലുമായി.
ഇതോടെ മടങ്ങിയെത്തുന്ന തൊഴിലാളികള്‍ക്കു വന്‍ ഡിമാന്റായി. കെട്ടിട നിര്‍മാണ മേഖലയില്‍ തൊഴിലെടുക്കുന്നവരില്‍ ഭൂരിഭാഗവും ബംഗാളില്‍ നിന്നുള്ളവരായിരുന്നു. തെരഞ്ഞെടുപ്പിനു പിന്നാലെ മടങ്ങുമെന്ന് അറിയിച്ചാണ് ഇവര്‍ നാട്ടിലേക്കു പോയത്. തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍, ബലിപ്പെരുന്നാള്‍ കഴിയട്ടെ എന്നായി. ഇതിനു ശേഷവും പലരും മടങ്ങാന്‍ തയാറാകുന്നില്ല. ബംഗാളിലെ രാഷ്ട്രീയ സാഹചര്യം പലരെയും തൊഴില്‍ സ്ഥലത്തേയ്ക്കു മടങ്ങുന്നതിനെ തടയുന്നു.
നാട്ടിലെത്തുന്ന തൊഴിലാളികളെ റാഞ്ചാന്‍ ജില്ലയിലെ റെയില്‍വേ സ്റ്റേഷനുകളിലും കരാറുകാരുടെ പ്രതിനിധികളും ഇടനിലക്കാരുമൊക്കെ സജീവമാണ്. നേരത്തെ ജോലി ചെയ്തിരുന്ന സ്ഥലത്തേയ്്ക്കു മടങ്ങാന്‍ എത്തുന്നവരെ കൂടിയ കൂലിയും താമസസ്ഥലവും ഭക്ഷണവും വാഗ്ദാനം ചെയ്താണു റാഞ്ചുന്നത്. പഴയ സ്ഥലത്തെ നിര്‍മാണ സാമഗ്രികളും പാത്രങ്ങളും വസ്ത്രങ്ങളുമൊക്കെ ഉപേക്ഷിച്ചു തൊഴിലാളികള്‍ പുതിയ സ്ഥലത്തേയ്ക്കു പോകുകയാണ്. തിരികെ എത്തിയവര്‍ മുഖേന കൂടുതല്‍ പേരെ മടക്കി കൊണ്ടുവരാനുള്ള ശ്രമവും കരാറുകാര്‍ നടത്തുന്നുണ്ട്. സൗജന്യതാമസത്തിനു പുറമേ എയര്‍ ടിക്കറ്റ് വരെ വാഗ്ദാനം ചെയ്താണ് പ്രലോഭിപ്പിക്കുന്നത്.
ഇതിനിടെ തൊഴിലാളി ക്ഷാമം, നിര്‍മാണ മേഖലയില്‍ കൂലി വര്‍ധനയ്ക്കും കാരണമാകുന്നുണ്ട്. മേസ്തിരിമാര്‍ക്ക് 1000 -1100 രൂപയായിരുന്ന കൂലി 1200 രൂപയ്ക്കു മുകളിലേക്കും 800-900 രൂപയായിരുന്ന ഹെല്‍പ്പര്‍ കൂലി 1000 രൂപയ്ക്കു മുകളിലേക്കും വര്‍ധിച്ചിരിക്കുകയാണ്. അവസരം മുന്നില്‍ കണ്ട് നാട്ടിലേക്കു പോകാതെ ഇവിടെ ഫാക്ടറികളിലും വ്യാപാര സ്ഥാപനങ്ങളിലും ജോലി ചെയ്തിരുന്ന പലരും കൂലി കൂടുതല്‍ വാങ്ങി സ്ഥാപനങ്ങള്‍ മാറുന്നുമുണ്ട്.






