
ഹൈദരാബാദ്: പബ്ബില്‍ വേഷംമാറിയെത്തിയ വനിതാ പോലീസ് ഓഫീസര്‍ കുടുക്കിയത് പെണ്‍വാണിഭ സംഘത്തെ. സൈബരാബാദിലെ കൂക്കട്ട്പള്ളിയിലുള്ള പ്രശസ്തമായ പബ്ബില്‍ നടക്കുന്ന അനാശാസ്യ പ്രവര്‍ത്തനങ്ങളും നിയമലംഘനങ്ങളും അര്‍ദ്ധരാത്രിയില്‍ നടത്തിയ മിന്നല്‍ പരിശോധനയിലൂടെ വനിതാ ഐ.പി.എസ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം പുറത്തുകൊണ്ടുവന്നു.
ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. 2018 ബാച്ച് തെലങ്കാന കേഡര്‍ ഓഫീസറായ കൂക്കട്ട്പള്ളി ഡി.സി.പി റിതി രാജ് നേരിട്ടെത്തി രഹസ്യമായി വിവരങ്ങള്‍ ശേഖരിച്ച ശേഷമാണ് 'ക്ലബ്ബ് മസ്തി' എന്നറിയപ്പെടുന്ന കിംഗ്സ് ആന്‍ഡ് ക്വീന്‍സ് പബ്ബില്‍ മിന്നല്‍ റെയ്ഡ് നടത്തിയത്. പബ്ബിനുള്ളില്‍ സംശയാസ്പദമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ നീക്കം.
പോലീസ് നല്കുന്ന വിവരമനുസരിച്ച്, ഇവിടെ പെണ്‍വാണിഭവും അനാശാസ്യ പ്രവര്‍ത്തനങ്ങളും പ്രോത്സാഹിപ്പിച്ചിരുന്നു. പ്രായപൂര്‍ത്തിയാകാത്തവര്‍ മദ്യം വിളമ്പുന്ന സ്ഥലങ്ങളില്‍ പ്രവേശിക്കുന്നത് തടയാനുള്ള യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും മാനേജ്മെന്റ് സ്വീകരിച്ചിരുന്നില്ലെന്നും അന്വേഷണസംഘം കണ്ടെത്തി. കൂടാതെ, അനുവദനീയമായ സമയപരിധി കഴിഞ്ഞും പബ്ബ് പ്രവര്‍ത്തിച്ചിരുന്നു.
യാതൊരുവിധ സാധുവായ പോലീസ് എന്‍.ഒ.സി ഇല്ലാതെയാണ് നിയന്ത്രണങ്ങള്‍ ലംഘിച്ച് ഇവിടെ ഭക്ഷണവും മദ്യവും വിതരണം ചെയ്തിരുന്നത്. പുരുഷന്മാരായ ഉപഭോക്താക്കളെ ആകര്‍ഷിക്കാനും അവരുടെ പക്കല്‍ നിന്നും അമിതമായി പണം ഈടാക്കാനും സ്ത്രീകളെ ഇവിടെ ദുരുപയോഗം ചെയ്തിരുന്നു എന്നതിന് പ്രാഥമിക തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
ഉപഭോക്താക്കള്‍ക്കായി സ്ത്രീകളെ എത്തിച്ചു നല്‍കുന്നതടക്കമുള്ള അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മാനേജ്മെന്റ് കൂട്ടുനിന്നതായും അന്വേഷണസംഘം സംശയിക്കുന്നു. റെയ്ഡിനിടെ നാല് സ്ത്രീകളും അഞ്ച് പുരുഷന്മാരും ഉള്‍പ്പെടെ ഒമ്പത് ജീവനക്കാരെ പോലീസ് കസ്റ്റഡിയിലെടുക്കുകയും തുടര്‍നടപടികള്‍ക്കായി കെ.പി.എച്ച്.ബി പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു.
ഈ പബ്ബിനെതിരെ 2025-ലും സമാനമായ രീതിയില്‍ നിരവധി ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പോലീസ് രേഖകള്‍ വ്യക്തമാക്കുന്നു. മുന്‍പ് നടപടികള്‍ സ്വീകരിച്ചിട്ടും നിയമലംഘനങ്ങള്‍ തുടരുകയായിരുന്നു എന്നാണ് അധികൃതര്‍ പറയുന്നത്. സംഭവത്തില്‍ ഭാരതീയ ന്യായ സംഹിത, അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം എന്നിവ പ്രകാരം പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
'റെയ്ഡില്‍ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തിട്ടുള്ളത്. കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്,' പോലീസ് അറിയിച്ചു. പ്രശസ്തമായ ഡല്‍ഹി നാഷണല്‍ ലോ യൂണിവേഴ്സിറ്റിയില്‍ നിന്ന് നിയമബിരുദം നേടിയ റിതി രാജ്, 2018-ലാണ് സിവില്‍ സര്‍വീസ് പരീക്ഷ പാസായി ഇന്ത്യന്‍ പോലീസ് സര്‍വീസില്‍ ചേരുന്നത്. സൈബര്‍ ക്രൈം വിഭാഗത്തിലും സൈബരാബാദിലെ മാധാപൂര്‍ സോണിലും ഉള്‍പ്പെടെ പ്രധാന തസ്തികകളില്‍ സേവനമനുഷ്ഠിച്ച ശേഷമാണ് ഇവര്‍ കൂക്കട്ട്പള്ളി ഡി.സി.പിയായി ചുമതലയേല്‍ക്കുന്നത്.
കേന്ദ്ര ആഭ്യന്തര സഹമന്ത്രി ബണ്ടി സഞ്ജയ് കുമാറിന്റെ മകന് ബണ്ടി ഭാഗീരഥ് സായിയുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവനും റിതി രാജാണ്.






