
മുള്ളന്‍പൂര്‍: അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റ് മത്സരത്തില്‍ സര്‍വ്വാധിപത്യം പുലര്‍ത്തി ഇന്ത്യന്‍ സംഘം. യുവ സ്പിന്‍ പ്രതിഭ മാനവ് സുതറിന്റെ ചടുലമായ പന്തുകള്‍ക്ക് മുന്നില്‍ അഫ്ഗാന് നിര അമ്പേ തകര്‍ന്നടിഞ്ഞു. മൂന്നാം ദിനത്തിലെ ആദ്യ സെഷനില്‍ തന്നെ അഫ്ഗാനിസ്ഥാന്റെ ഒന്നാം ഇന്നിംഗ്സ് വെറും 152 റണ്‍സില്‍ അവസാനിച്ചു. ആറ് വിക്കറ്റുകളാണ് സുതര്‍ നേടിയത്.
ഇതോടെ 412 റണ്‍സിന്റെ പടുകൂറ്റന്‍ ലീഡ് സ്വന്തമാക്കിയ ഇന്ത്യ സന്ദര്‍ശകരെ ഫോളോ ഓണിന് അയക്കുകയായിരുന്നു. തുടര്‍ന്ന് രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച അഫ്ഗാന്, മൂന്നാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 18 റണ്‍സെന്ന നിലയിലാണ്. 16 റണ്‍സുമായി സെദിഖുള്ള അടലും 2 റണ്‍സോടെ അബ്ദുള്‍ മാലിക്കുമാണ് ക്രീസിലുള്ളത്.
5 വിക്കറ്റിന് 113 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച അഫ്ഗാന് തുടക്കത്തില്‍ തന്നെ തിരിച്ചടിയേറ്റു. ടീം സ്കോര്‍ 118-ല്‍ നില്‍ക്കെ അസ്മത്തുള്ള ഒമര്‍സായിയെ (0) പുറത്താക്കി പ്രസിദ്ധ് കൃഷ്ണയാണ് വിക്കറ്റയ്ക്ക് തുടക്കമിട്ടത്. പിന്നീട് റഹ്മത്ത് ഷായും ഷറഫുദ്ദീന് അഷ്റഫും (11) ചേര്‍ന്ന് നേരിയ പ്രതിരോധം തീര്‍ത്തെങ്കിലും, ഇരുവരെയും മടക്കി മാനവ് സുതര്‍ അഫ്ഗാന്റെ പതനം പൂര്‍ത്തിയാക്കി.
തൊട്ടുപിന്നാലെ മുഹമ്മദ് സലീം സഫിയെയും (0) പുറത്താക്കിയ സുതര്‍ തന്റെ കരിയറിലെ ആദ്യ മത്സരം അവിസ്മരണീയമാക്കി മാറ്റി. ഒടുവില്‍ സിയാവുര്‍ റഹ്മാന് ഷരീഫിയെ (6) വാഷിംഗ്ടണ്‍ സുന്ദര്‍ പുറത്താക്കിയതോടെ അഫ്ഗാന്റെ ഒന്നാം ഇന്നിംഗ്സിന് തിരശ്ശീല വീണു. വേട്ട ഇന്ത്യക്കായി പ്രസിദ്ധ് കൃഷ്ണ മൂന്നും വാഷിംഗ്ടണ്‍ സുന്ദര്‍ ഒരു വിക്കറ്റും വീഴ്ത്തി.
അരങ്ങേറ്റ മത്സരത്തില്‍ തന്നെ 22 ഓവറില്‍ വെറും 33 റണ്‍സ് മാത്രം വഴങ്ങി 6 വിക്കറ്റുകള്‍ പിഴുത മാനവ് സുതര്‍ തകര്‍പ്പന്‍ റെക്കോര്‍ഡുകളാണ് സ്വന്തം പേരിലാക്കിയത്. അരങ്ങേറ്റ ടെസ്റ്റില്‍ ഒരു ഇന്ത്യന്‍ ബൗളറുടെ ഏറ്റവും മികച്ച രണ്ടാമത്തെ ബൗളിംഗ് പ്രകടനമാണിത്. (1988ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ 61 റണ്‍സിന് 8 വിക്കറ്റെടുത്ത നരേന്ദ്ര ഹിര്‍വാനിയാണ് ഈ പട്ടികയില്‍ ഒന്നാമത്).
2000-മാണ്ടിന് ശേഷം അരങ്ങേറ്റ ടെസ്റ്റില്‍ 5 വിക്കറ്റ് നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ മാത്രം ഇന്ത്യന്‍ സ്പിന്നറാണ് സുതര്‍. 2008-ല്‍ ഓസ്ട്രേലിയക്കെതിരെ 71 റണ്‍സിന് 5 വിക്കറ്റെടുത്ത അമിത് മിശ്രയാണ് ഇതിനുമുമ്പ് ഈ നേട്ടം കെവരിച്ചത്.




