
ചബോളിവുഡിന്റെ താരറാണിയാണി ഒരു കാലത്ത് തിളങ്ങി നിന്നിരുന്ന അഭിനേത്രിയാണ് ശില്പ ഷെട്ടി. സിനിമ, ടെലിവിഷൻ, സംരംഭകത്വം എന്നീ രംഗങ്ങളിൽ മൂന്ന് പതിറ്റാണ്ടിലധികമായി തന്റേതായ ഇടം കണ്ടെത്തിയ താരം ഇന്നും ഒടിടിയിലടക്കം തിളങ്ങി നില്‍ക്കുകയാണ്. പ്രായം തോല്പിക്കാത്ത സൗന്ദര്യവും ഫിറ്റ്നെസ്സുമാണ് ശിൽപയെ മറ്റുള്ള അഭിനേത്രികളിൽ നിന്ന് വ്യത്യസ്തയാക്കുന്നത്. പ്രായം വെറും അക്കങ്ങൾ മാത്രമാണെന്ന് തെളിയിക്കുന്ന ശില്പയുടെ ഫിറ്റ്നസ് യാത്ര ആരാധർക്ക് എന്നും പ്രചോദനമായി മാറാറുണ്ട്.
കരിയറും കുടുംബജീവിതവും ബാലൻസ് ചെയ്തു കൊണ്ട് പോകുന്ന താരം കൂടിയാണ് ശിൽപ. അതിന് താരത്തിന് എന്നും കരുത്തും പിന്തുണയും നൽകുന്നത് ഭർത്താവും വ്യവസായിയുമായ രാജ് കുന്ദ്രയാണ്. രാജാണ് തന്റെ ഏറ്റവും വലിയ കരുത്തെന്ന് ശില്പ തന്നെ പലതവണ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇപ്പോഴിതാ ശിൽപയുടെ 51-ാം ജന്മദിനത്തിൽ തന്റെ ജീവിതത്തില്‍ ശില്പ ആരാണെന്നും എന്താണെന്നും പങ്കുവയ്ക്കുകയാണ് രാജ് കുന്ദ്ര. ശില്പ തനിക്ക് യഥാർത്ഥത്തിൽ ആരാണെന്നും എങ്ങനെയാണ് നിലകൊള്ളുന്നതെന്നും ജീവിതം ദുഷ്കരമാകുമ്പോൾ എങ്ങനെയാണ് ശക്തിയായി മാറുന്നതെന്നുമാണ് രാജ് കുറിച്ചിരിക്കുന്നത്.
‘‘ഈ വർഷം നിനക്കായി ഏറെ വ്യത്യസ്തമായ ഒരു ജന്മദിന പോസ്റ്റാണ്...
ആഘോഷങ്ങളെക്കുറിച്ചോ നിമിഷങ്ങളെക്കുറിച്ചോ അല്ലയിത്. എന്റെ ജീവിതത്തിൽ നീ യഥാർത്ഥത്തിൽ ആരാണെന്നും എങ്ങനെയാണ് നിലകൊള്ളുന്നതെന്നും ജീവിതം ദുഷ്കരമാകുമ്പോൾ എങ്ങനെയാണ് ശക്തിയായി മാറുന്നതെന്നുമാണ്.
വികാരങ്ങൾ നിറഞ്ഞൊഴുകുമ്പോൾ കൃപയാണ്, എല്ലാത്തിലും അനിശ്ചിതത്വം തോന്നുമ്പോൾ വിശ്വാസമാണ്, ഏറ്റവും ഇരുണ്ട ഘട്ടങ്ങളിൽ പോലും വെളിച്ചമാണ്... പരിപോഷിപ്പിക്കുന്ന, സംരക്ഷിക്കുന്ന, ക്ഷമിക്കുന്ന, അതിശക്തയായ ഒരു ദേവിയുടെ ഊർജ്ജം നീ എപ്പോഴും വഹിച്ചിട്ടുണ്ട്. എന്റെ പ്രിയേ, ജന്മദിനാശംസകൾ. നിന്റെ ഹൃദയം അർഹിക്കുന്നതെല്ലാം നൽകി ദേവി നിന്നെ അനുഗ്രഹിക്കട്ടെ...’’ എന്നാണ് രാജ് കുന്ദ്ര കുറിച്ചിരിക്കുന്നത്. കുറിപ്പിനൊപ്പം ലക്ഷ്മി ദേവിയുടെ സംസ്കൃത മന്ത്രമായ ‘പ്രസന്ന വദനം’ മന്ത്രവും ശില്പ എങ്ങനെയാണ് തനിക്ക് ദേവിയായി മാറുന്നതെന്നും പിക്ചർ കൊളാഷിലൂടെ രാജ് പറയുന്നു. ‘ഈ ശ്ലോകം അവൾക്കുള്ളതാണെന്ന് നിങ്ങൾ മനസ്സിലാക്കുമ്പോൾ...’ എന്നാണ് കൊളാഷിനൊപ്പം രാജ് കുറിച്ചിരിക്കുന്നത്. നിരവധി ആരാധകർ ശിൽപയ്ക്ക് സ്നേഹവും ആശംസയും കമന്റുകളിലൂടെ പങ്കിടുന്നുണ്ട്.






