
തന്റെ വേഷപകർച്ചകളെല്ലാം അഴിച്ചുവച്ച് നിത്യതയിലേക്ക് മടങ്ങിയ നടൻ സലീം കുമാറിന്റെ വേർപാടിൽ നൊമ്പരപ്പെടുകയാണ് മലയാള സിനിമ ലോകവും സഹപ്രവർത്തകരും ആരാധകരും. ജനലക്ഷങ്ങളാണ് തങ്ങളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത പ്രിയ താരത്തെ കാണാൻ സലീം കുമാറിന്റെ ‘ലാഫിങ്ങ് വില്ല’യിലേക്ക് ഒഴുകി എത്തിയത്. ഈറനണിഞ്ഞ കണ്ണുകളോടെയാണ് പലരും സലീമിനെ കണ്ടു മടങ്ങിയത്.
എന്നാല്‍ ഈ സങ്കടക്കടലിലും സലീം കുമാറിന്റെ സംസ്കാരച്ചടങ്ങുകള്‍ നടക്കുമ്പോള്‍ മൊബൈലില്‍ ദൃശ്യങ്ങള്‍ പകർത്താൻ ഒരുപാട് ഓണ്‍ലൈൻ മാധ്യമങ്ങള്‍ ശ്രമിച്ചു. ഈ സമീപനം വലിയ രീതിയില്‍ ചർച്ചയായി മാറുകയും ചെയ്തു. ഈ സന്ദര്‍ഭത്തില്‍ നടനും സലിം കുമാറിന്റെ മകനുമായ ചന്തു ഇതിനെതിരെ രോഷത്തോടെ പ്രതികരിക്കുന്ന വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.
ഇപ്പോഴിതാ നിർമ്മാതാവും പൃഥ്വരാജിന്റെ ഭാര്യയും മുന്‍ മാധ്യമപ്രവര്‍ത്തകയുമായ സുപ്രിയ മേനോൻ ചന്തുവിന്റെ മാനസികാവസ്ഥ പങ്കിട്ട് മാധ്യമപ്രവർത്തകർക്ക് എതിരെ രൂക്ഷമായി സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കിട്ടിരിക്കുകയാണ്. കുടുംബാംഗങ്ങളെപ്പോലും അസ്വസ്ഥരാക്കിയ യൂട്യൂബ് ചാനലുകളുടെ പെരുമാറ്റം ഇരയെ ലക്ഷ്യമാക്കി കൂടുതൽ അടുത്തെത്തുന്ന കഴുകന്മാരെപ്പോലെയായിരുന്നെന്നും ഇത് പത്രപ്രവർത്തനമല്ല, അശ്ലീലവും അസഭ്യവും നിറഞ്ഞ അതിക്രമമാണെന്നും സുപ്രിയ ഇൻസ്റ്റാഗ്രാം സ്റ്റോറിയില്‍ കുറിച്ചു. ഓൺലൈൻ മാധ്യമങ്ങളുടെ ഈ പെരുമാറ്റത്തെ "അശ്ലീലം" എന്നാണ് സുപ്രിയ വിശേഷിപ്പിച്ചത്.
‘‘ഇതാ വീണ്ടുമൊരു കുടുംബം തങ്ങളുടെ പ്രിയപ്പെട്ടവരോട് വിടപറയാൻ ശ്രമിക്കുന്നു, ഹൃദയഭേദകമായ ദുഃഖവും വേദനയും നിറഞ്ഞ ഒരു നിമിഷം.
എന്നാൽ ഇവിടെ വീണ്ടും ക്യാമറകളുടെയും മൈക്കുകളുടെയും ഒരു കൂട്ടം, ഈ അവസാന വിടവാങ്ങൽ ക്ലോസപ്പിൽ പകർത്താൻ തിരക്കുകൂട്ടുന്നു,
എന്നാൽ ഇവിടെയും, ഇരയ്ക്ക് തൊട്ടടുത്തെത്താൻ വട്ടമിട്ടു പറക്കുന്ന കഴുകന്മാരെപ്പോലെ...
സമാധാനമായി ഒന്ന് കരയാൻ വേണ്ടി അല്പം സ്ഥലം തരണമെന്നും പുറകോട്ടു മാറണമെന്നും ആ മകൻ ഉറക്കെ വിളിച്ചു പറയുന്നു... നാം എന്തായിത്തീർന്നിരിക്കുന്നു? എല്ലാ മര്യാദകളും അന്തസ്സും കൈവിട്ട്, എന്തും തത്സമയം ആസ്വദിക്കാനുള്ള ഒരു വൈകൃത്യം. മനുഷ്യരെ സമാധാനമായി സങ്കടപ്പെടാൻ അനുവദിക്കൂ, അവർക്ക് ഇതിനകം തന്നെ ധാരാളം വേദനയുണ്ട്.
മാധ്യമങ്ങൾ അല്പം സ്വയംനിയന്ത്രണം പാലിക്കുകയും സ്വയം നിയന്ത്രണവും ദിശാബോധവും ഉണ്ടാക്കുകയും വേണം. ഇതൊരു പത്രപ്രവർത്തനമല്ല, ഇത് പ്രദർശനപരതയാണ്... വികാരഭരിതവും അനാവശ്യവുമാണ്...അറപ്പുളവാക്കുന്നതും അശ്ലീലവുമായ ഒന്ന്...’’ എന്നാണ് സുപ്രിയ ഇന്‍സ്റ്റ സ്റ്റോറിയില്‍ കുറിച്ചത്. നിരവധി പേര് സുപ്രിയയുടെ പോസ്റ്റിനെ പിന്തുണച്ച് തുറന്ന നിലപാടിനെ അഭിനന്ദിച്ചും സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ പങ്കിടുന്നുണ്ട്.
സലിം കുമാറിന്റെ ഭൗതിക ശരീരം പറവൂരിലെ വസതിയായ ലാഫിങ്ങ് വില്ലയിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കുന്ന ചടങ്ങിനിടെയാണ് ഈ സംഭവം നടന്നത്. സംസ്കാരച്ചടങ്ങുകള്‍ നടക്കുന്നതിനിടെ പിന്നോട്ട് അൽപം മാറി നിൽക്കാൻ ആവശ്യപ്പെട്ട ശേഷവും പല ഓണ്‍ലൈന്‍ മാധ്യമങ്ങളും അത് അനുസരിച്ചില്ല. ഗാർഡ് ഓഫ് ഓണർ നൽകാൻ എത്തിയ പൊലീസുകാർ പോലും ബുദ്ധിമുട്ടിയ സാഹചര്യമായിരുന്നു ചടങ്ങിൽ. ചടങ്ങുകൾക്കിടയിൽ, ഫോട്ടോഗ്രാഫർമാരോടും ക്യാമറ സംഘത്തോടും ദയവായി പുറകോട്ടു മാറാൻ സലീം കുമാറിന്റെ മകൻ ചന്തു ആവശ്യപ്പെടുന്നുണ്ടായിരുന്നു. തുടർന്നുണ്ടായ ബഹളം പൊലീസ് തടഞ്ഞുവെങ്കിലും ശമിക്കാതെ വന്നതോടെയാണ് ചന്തുവിന്റെ നിയന്ത്രണം നഷ്ടപ്പെട്ടത്. കടുത്ത രോക്ഷത്തോടെ പ്രതികരിച്ച ചന്തു, ‘എന്താണ് നിങ്ങൾക്ക് വേണ്ടത്, എല്ലാരും കുറച്ച് മാറി നിൽക്കാനല്ലെ പറഞ്ഞത്...’ എന്ന് അലറി. അമ്മയും സഹപ്രവർത്തകരുമടക്കം നിരവധിപേർ ചന്തുവിനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും നിറകണ്ണുകളോടെ താരപുത്രന് ഓൺലൈൻ മാധ്യമപ്രവർത്തകരോട് മാറി നിൽക്കാൻ ആവശ്യപ്പെട്ടു. യൂട്യൂബ് ചാനലുകാരെ കൂടാതെ അവിടെ വന്ന് മറ്റ് ആളുകളും നടന്മാരുടെ ചിത്രങ്ങളും സെല്‍ഫികളും വിഡിയോകളും എടുക്കാൻ മത്സരിക്കുന്ന വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.






