
ചെന്നൈ: കോണ്‍ഗ്രസുമായുള്ള സഖ്യം കല്ലുകടിയിലായതോടെ ബിജെപിയും കോണ്‍ഗ്രസുമില്ലാതെ ബദല്‍ കൂട്ടായ്മയ്ക്കുള്ള നീക്കവുമായി ഡി.എം.കെ. ഇരു ദേശീയ പാര്‍ട്ടികളോടും യോജിക്കാന്‍ താല്പര്യമില്ലാത്ത പ്രമുഖ പ്രാദേശിക കക്ഷികളെ ഒന്നിപ്പിക്കാനാണ് ഡി.എം.കെ. ശ്രമിക്കുന്നത്.
പുതിയ സഖ്യ രൂപീകരണത്തിന്റെ ഭാഗമായി തൃണമൂല്‍ കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി, രാഷ്ട്രീയ ജനതാ ദള്‍ തുടങ്ങിയ പാര്‍ട്ടികളുമായി ഡിഎംകെ നേതൃത്വം പ്രാഥമിക ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു. തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് മുന്‍പ് തന്നെ ഇത്തരമൊരു സഖ്യത്തിനായുള്ള അണിയറ നീക്കങ്ങള്‍ ആരംഭിച്ചിരുന്നതായി 'ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്' റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം തമിഴ്നാട്ടില്‍ ടിവികെയെ പിന്തുണച്ച കോണ്‍ഗ്രസ് ഡി.എം.കെ.യുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ നേരത്തേ തന്നെ തീരുമാനിച്ചിരുന്നതായിട്ടാണ് വിവരം. തങ്ങള്‍ നിലവില്‍ 'ഇന്‍ഡ്യ' മുന്നണിയുടെ ഭാഗമല്ലെന്ന് ഡിഎംകെ വക്താവ് ടി.കെ.എസ്. ഇളങ്കോവന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസ് നയിക്കുന്ന ഒരു സഖ്യത്തിനൊപ്പം ഇനിയില്ലെന്നും, എഎപി നേരത്തെ തന്നെ മുന്നണി വിട്ട സാഹചര്യത്തില്‍ പുതിയൊരു ബിജെപി വിരുദ്ധ ബദല്‍ ഉയര്‍ന്നുവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസുമായി അത്ര നല്ല ബന്ധത്തിലല്ലാത്ത, അതേസമയം ബിജെപിയെ ശക്തമായി എതിര്‍ക്കുന്ന പാര്‍ട്ടികളെ ഒന്നിപ്പിക്കാനുള്ള ചര്‍ച്ചകള്‍ വിജയകരമായാല്‍ ദേശീയതലത്തില്‍ ബിജെപിക്കെതിരെ പ്രാദേശിക കക്ഷികളുടെ ശക്തമായൊരു മുന്നണി കൊണ്ടുവരാനാകുമെന്നാണ് ഡി.എം.കെ.യുടെ വിലയിരുത്തല്‍.
ഏറ്റവും ഒടുവില്‍ നടന്ന 'ഇന്‍ഡ്യ' മുന്നണി യോഗത്തില്‍ കോണ്‍ഗ്രസും ഇടതുപക്ഷവും തമ്മില്‍ അദാനിയുടെ കാര്യം പറഞ്ഞ് ഏറ്റുമുട്ടിയിരുന്നു. ഇടതുപക്ഷം അതിന്റെ യഥാര്‍ത്ഥ പ്രത്യയശാസ്ത്രത്തില്‍ നിന്ന് വ്യതിചലിച്ചുവെന്ന രാഹുലിന്റെ പരാമര്‍ശത്തെ സിപിഐ ജനറല്‍ സെക്രട്ടറി ഡി. രാജ ശക്തമായി ചോദ്യം ചെയ്തു. തന്റെ ആരോപണത്തില്‍ ഉറച്ചുനിന്ന രാഹുല്‍ ഗാന്ധി, അദാനി ഗ്രൂപ്പിനെ കേരളത്തിലേക്ക് കൊണ്ടുവന്നത് ഇടതുപക്ഷ സര്‍ക്കാരാണെന്ന് ആരോപിച്ചു. രാഹുലിന്റെ വാദങ്ങളെ ശക്തമായി എതിര്‍ത്ത സിപിഐഎം എംപി ജോണ്‍ ബ്രിട്ടാസ്, കേരളത്തില്‍ അദാനിയുമായി ആദ്യമായി കരാറുണ്ടാക്കിയത് കോണ്‍ഗ്രസ് സര്‍ക്കാരായിരുന്നു എന്ന വസ്തുത യോഗത്തില്‍ ചൂണ്ടിക്കാണിച്ചു.






