
ന്യൂഡൽഹി: ചണ്ഡീഗഡ്-ഡൽഹി എയർ ഇന്ത്യ വിമാനം സർവീസ് നടത്തുന്നതിനിടെ ജനലിന്റെ ഉൾവശത്തെ ചില്ല് തകർത്ത യാത്രക്കാരനെ എയർലൈന്റെ ആഭ്യന്തര സമിതിക്ക് കൈമാറി. ഇയാളെ 'അച്ചടക്കരഹിതനായ യാത്രക്കാരൻ' ആയി പ്രഖ്യാപിക്കണമോ എന്നും വിലക്കേർപ്പെടുത്തി നോ-ഫ്ളൈ ലിസ്റ്റിൽ ഉൾപ്പെടുത്തണമോ എന്നും സമിതി തീരുമാനിക്കുമെന്ന് അധികൃതർ അറിയിച്ചു.
ജൂൺ 7-ന് AI1879 വിമാനം ഡൽഹിയിൽ ഇറങ്ങാൻ തയ്യാറെടുക്കുന്നതിനിടെയായിരുന്നു സംഭവം. ക്യാബിൻ ക്രൂവിന്റെ ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾ അവഗണിച്ചാണ് യാത്രക്കാരൻ ജനൽച്ചില്ല് തകർത്തതെന്ന് ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറഞ്ഞു. ക്രൂ അംഗങ്ങൾ പലതവണ വാക്കായും എഴുതിയും മുന്നറിയിപ്പ് നൽകിയിട്ടും യാത്രക്കാരൻ ജനലിന്റെ ഉൾവശത്തെ ഗ്ലാസ് പാനൽ തകർക്കുകയായിരുന്നു എന്ന് ഒരു ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
വിമാനം ലാൻഡ് ചെയ്യുന്നതിന് മുൻപ് തന്നെ കോക്ക്പിറ്റ് ക്രൂ നിശ്ചിത സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് സുരക്ഷാ ഏജൻസികൾക്ക് വിവരം കൈമാറി. വിമാനം നിലത്തിറങ്ങിയ ഉടൻ തന്നെ യാത്രക്കാരനെ എയർപോർട്ട് സെക്യൂരിറ്റിയുടെ കൈകളിൽ ഏൽപ്പിച്ചു. വിഷയം വ്യോമയാന നിയന്ത്രണ ഏജൻസിയെ അറിയിച്ചിട്ടുണ്ടെന്നും യാത്രക്കാരുടെ ഇത്തരം മോശം പെരുമാറ്റങ്ങൾക്കെതിരെ കർശന നിലപാടാണ് എയർലൈനുള്ളതെന്നും എയർ ഇന്ത്യ അധികൃതർ പറഞ്ഞു. സുരക്ഷയെ ബാധിക്കുന്ന ഇത്തരം പ്രവണതകളോട് ഒട്ടും വിട്ടുവീഴ്ചയില്ലെന്ന് വക്താവ് കൂട്ടിച്ചേർത്തു. വിമാന ജീവനക്കാരുടെ മുന്നറിയിപ്പുകളോട് വളരെ പ്രകോപനപരമായും അലക്ഷ്യമായും പെരുമാറിയ യാത്രക്കാരൻ, സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൈമാറിയ ഉടൻ തന്നെ ആവർത്തിച്ച് മാപ്പ് ചോദിക്കാൻ തുടങ്ങിയതായി എയർപോർട്ട് ഉദ്യോഗസ്ഥൻ പറഞ്ഞു.
വിഷയം ഇപ്പോൾ എയർ ഇന്ത്യയുടെ ആഭ്യന്തര സമിതിയുടെ പരിഗണനയിലാണ്. നിലവിലുള്ള നിയമങ്ങൾ അനുസരിച്ച് ഇയാൾക്കെതിരെ എന്ത് നടപടിയാണ് സ്വീകരിക്കേണ്ടതെന്ന് സമിതി തീരുമാനിക്കും. സിവിൽ ഏവിയേഷൻ റെഗുലേഷൻസ് (സി എ ആർ), 2017 പ്രകാരം ഇത്തരം കേസുകൾ എയർലൈന്റെ ആഭ്യന്തര സമിതിയാണ് പരിശോധിക്കുന്നത്. കുറ്റത്തിന്റെ ഗൗരവവും എത്ര കാലത്തേക്ക് യാത്രാവിലക്ക് ഏർപ്പെടുത്തണമെന്നും തീരുമാനിക്കാൻ സമിതിക്ക് 30 ദിവസത്തെ സമയമുണ്ട്. അതുവരെ യാത്രക്കാരന് 30 ദിവസം വരെ താൽക്കാലിക വിലക്കേർപ്പെടുത്താൻ എയർലൈനുകൾക്ക് അധികാരമുണ്ട്.






