
ആഗോളതലത്തില്‍ പ്രശംസ നേടിയ ഡ്യുവല്‍ മോഡ് ഇന്റലിജന്റ് എന്ന DM-i ഹൈബ്രിഡ് സാങ്കേതികവിദ്യ ഔദ്യോഗികമായി രാജ്യത്ത് അവതരിപ്പിച്ചിരിക്കുകയാണ് ബില്‍ഡ് യുവര്‍ ഡ്രീംസ് എന്ന ബിവൈഡി. പുതിയ പ്ലഗ്-ഇന്‍ ഹൈബ്രിഡ് വാഹനം പ്രതീക്ഷിച്ചിരുന്നവര്‍ക്ക് ഈയൊരു സാങ്കേതികവിദ്യയെ മാത്രമാണ് ചൈനീസ് വൈദ്യുത വാഹന നിര്‍മാതാക്കള്‍ ഇപ്പോള്‍ പരിചയപ്പെടുത്തിയിരിക്കുന്നത്.
കമ്പനി പറയുന്നത് അനുസരിച്ച് തങ്ങളുടെ DM-i സാങ്കേതികവിദ്യയുമായി വരുന്ന വാഹനം 1,200 കിലോമീറ്ററിലധികം ഡ്രൈവിംഗ് റേഞ്ച് വാഗ്ദാനം ചെയ്യുമെന്നാണ്.
പുതിയ പ്ലഗ്-ഇന്‍ ഹൈബ്രിഡ് കാറായി ഇന്ത്യയിലെത്തുക സീല്‍ U DM-i ആവുമെന്നാണ് വിവരം. പുതിയ സാങ്കേതികവിദ്യ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി ഈ മോഡലിനെ കമ്പനി പ്രദര്‍ശിപ്പിച്ചിട്ടുണ്ടായിരുന്നു. ഈ വര്‍ഷം അവസാനത്തോടെ മോഡല്‍ വിപണിയിലെത്തുമെന്ന സൂചനയും ബിവൈഡി നല്‍കിയിട്ടുണ്ട്. 1.5 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഹൈബ്രിഡ് പെട്രോള്‍ എഞ്ചിന്, ബിവൈഡിയുടെ 18.3 kWh ബ്ലേഡ് ബാറ്ററി പായ്ക്ക്, രണ്ട് ഇലക്ട്രിക് മോട്ടോറുകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് സിസ്റ്റം.
അവയില്‍ ഒന്ന് ജനറേറ്ററായും മറ്റൊന്ന് വീലുകള്‍ക്ക് കരുത്തേകുന്ന ട്രാക്ഷന്‍ മോട്ടോറായും പ്രവര്‍ത്തിക്കുന്നു. ബാറ്ററി ബാഹ്യമായി ചാര്‍ജ് ചെയ്യാന്‍ കഴിയും. ഇത് ദൈനംദിന ഉപയോഗത്തിനായി ഒരു പരമ്പരാഗത ഇവി എങ്ങനെ ഉപയോഗിക്കുന്നോ അതുപോലെ കൊണ്ടുനടക്കാനാവും. ബാറ്ററിയും ട്രാക്ഷന്‍ മോട്ടോറും പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 70 കിലോമീറ്റര്‍ വരെ ഫുള്ളി ഇലക്ട്രിക്കില്‍ ഓടിക്കാം. ഡ്രൈവിംഗ് സാഹചര്യങ്ങളെ അടിസ്ഥാനമാക്കി വാഹനം തനിയെ പെട്രോളിലോ ഇലക്ട്രിക്കിലോ പ്രവര്‍ത്തിക്കുന്നതായിരിക്കും.
ചെറിയ വേഗതയിലും സിറ്റി ട്രാഫിക്കിലുമെല്ലാം പൂര്‍ണമായും വൈദ്യുതി കരുത്താവും വാഹനം ഉപയോഗിക്കുക. അതേസമയം ഉയര്‍ന്ന വേഗതയില്‍ പെട്രോള്‍ എഞ്ചിന് നേരിട്ട് വീലുകളിലേക്ക് പവര്‍ കൈമാറില്ല. പകരം ഒരു ജനറേറ്ററായി പ്രവര്‍ത്തിക്കുകയാണ് ചെയ്യുന്നത്. തുടര്‍ന്ന് ട്രാക്ഷന്‍ മോട്ടോറിനെ പോഷിപ്പിക്കുന്ന വൈദ്യുതി ഉത്പാദിപ്പിക്കുകയും ചെയ്യും. സെന്റര്‍-മൗണ്ടഡ് റൊട്ടേറ്റബിള്‍ ഇന്‍ഫോടെയ്ന്‍മെന്റ് സ്ക്രീന്‍, 12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, പനോരമിക് സണ്‍റൂഫ്, എയര്‍ പ്യൂരിഫയര്‍, ലെവല്‍ 2 ADAS, വെഹിക്കിള്‍-ടു-ലോഡ് (V2L) പിന്തുണ എന്നീ ഫീച്ചറുകളെല്ലാം ബിവൈഡി സീല്‍ U പ്ലഗ്-ഇന്‍ ഹൈബ്രിഡില്‍ കമ്പനി വാഗ്ദാനം ചെയ്യും.






