
മലയാള സിനിമാ പ്രേക്ഷകർക്ക് പുത്തൻ ആസ്വാദനാനുഭവം സമ്മാനിച്ച ചിത്രമായിരുന്നു അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത് നിവിൻ പോളി നായകനായി എത്തിയ ‘പ്രേമം’. മലയാളത്തില്‍ പുതിയ ട്രെന്‍ഡ് സെറ്ററായി എത്തിയ ഈ ചിത്രത്തില്‍ നായികമാരായി തിളങ്ങിയത് സായ് പല്ലവിയും അനുപമ പരമേശ്വരനുമാണ്. മലയാളത്തിലൂടെ കരിയര്‍ ആരംഭിച്ച് പിന്നീട് തമിഴില്‍ തിളങ്ങുകയും, തെലുങ്കില്‍ മുന്‍നിര നായികയായി മാറുകയും ചെയ്തു അനുപമ. ഒരിടവേളയ്ക്ക് ശേഷം താരം മലയാളത്തിലേക്കും തിരികെയെത്തി.
സോഷ്യല്‍ മീഡിയയിലും സജീവമാണ് അനുപമ. തന്റെ പുതിയ ഫോട്ടോഷൂട്ടുകളും വിശേഷങ്ങളും യാത്രാചിത്രങ്ങളുമെല്ലാം അനുപമ അതിലൂടെ പങ്കിടാറുണ്ട്. താരം പങ്കിടുന്ന ചിത്രങ്ങളെല്ലാം വളരെ വേഗത്തില്‍ തരംഗമായി മാറാറുമുണ്ട്. അഭിനേത്രി, ഗായിക എന്നിവയ്ക്കു പുറമേ മികച്ച ഒരു ചിത്രകാരി കൂടിയാണ് അനുപമ.
ഇപ്പോഴിതാ ചിത്രങ്ങൾ നിറഞ്ഞ ഒരു ചുമരിനു മുന്നിൽ നിൽക്കുന്ന ചിത്രം പോസ്റ്റ് ചെയ്ത് ഒരു വൈകാരിക കുറിപ്പ് പങ്കിടുകയാണ് അനുപമ പരമേശ്വരൻ. ദുഷ്കരമായ ഒരു കാലഘട്ടത്തിൽ പെയിന്റിംഗ് തന്റെ ജീവിതത്തിന്റെ ഭാഗമായി മാറിയത് എങ്ങനെയാണെന്നും അതിന് സായ് പല്ലവി എങ്ങനെയാണ് ഒരു നിയോഗമായി മാറിയതെന്നുമാണ് അനുപമ കുറിച്ചത്. വരച്ച ഒരുപാട് ചിത്രങ്ങൾ ഫ്രെയിം ചെയ്ത ചുമരിനൊപ്പമാണ് അനുപമ സ്റ്റോറി പങ്കിട്ടിരിക്കുന്നത്. തനിക്ക് ആദ്യമായി വാട്ടർ കളർ തന്നത് സായി പല്ലവിയാണെന്നും തന്റെ തന്നതിന് സായി പല്ലവിയോട് നന്ദി പറയുകയൂം ചെയ്യുകയാണ് അനുപമ.
‘‘2021-ൽ എന്റെ ജീവിതത്തിലെ ഏറ്റവും ദുഷ്കരമായ ഘട്ടങ്ങളിലൊന്നിൽ വരച്ചതാണ് ഇവയെല്ലാം. കുട്ടിക്കാലത്ത് എനിക്ക് നിറങ്ങൾ വളരെ ഇഷ്ടമായിരുന്നു, പക്ഷേ ഞാൻ ഒരിക്കലും ചിത്രരചനയെക്കുറിച്ച് ശരിക്കും പഠിച്ചില്ല. പിന്നീട് ഒരു ദിവസം, ഞാൻ എന്താണ് അനുഭവിക്കുന്നതെന്ന് പങ്കുവെക്കുന്നതിനിടയിൽ, ഞാൻ സായി പല്ലവിയോട് സംസാരിച്ചു. അവൾ . ആ ലളിതമായ ആംഗ്യത്തിലൂടെയാണ് എല്ലാം ആരംഭിച്ചത്.
എനിക്കറിയാത്ത എന്റെ ഒരു ഭാഗം എനിക്ക് പരിചയപ്പെടുത്തിയതിന് പല്ലവിയോട് ഒരു ചെറിയ ആർപ്പുവിളി, ഒരുപാട് സ്നേഹം. ലവ് യൂ ഡാര്‍ലിംഗ്... എന്റെ സുന്ദരിയായ അമ്മയും അച്ഛനും നിശബ്ദമായി മുഴുവൻ ശേഖരവും ഫ്രെയിം ചെയ്ത് എന്റെ സ്റ്റുഡിയോയുടെ ചുമരുകളിൽ തൂക്കി. ഒരു ബുദ്ധിമുട്ടുള്ള അധ്യായത്തിൽ നിന്ന് ഓർമ്മകൾ നിറഞ്ഞ ഒരു ചുമരിലേക്ക്. എത്ര മധുരമാണത്....’’ എന്നാണ് അനുപമ കുറിച്ചത്.
അനുപമയുടെ സ്റ്റോറി സായി പല്ലവി ഷെയർ ചെയ്യുകയും ചെയ്തു. ഒപ്പം മറുപടിയായി സായ് പല്ലവി തന്റെ പ്രിയ കൂട്ടുകാരിയോടുള്ള സ്നേഹവും പ്രകടിപ്പിച്ചു. ‘നിന്നോട് ഒരുപാട് സ്നേഹം. മൈ ബേബി...ചിത്രങ്ങൾ വ്യക്തിപരവും വളരെ മനോഹരവുമാണ്. നിങ്ങളുടെ കഴിവുകൾ പൂത്തുലയുന്നത് കാണുന്നതിൽ എനിക്ക് വളരെ സന്തോഷമുണ്ട്...’’ എന്നാണ് സായ് പല്ലവി കുറിച്ചത്.
2015 ല്‍ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായി മാറിയ ചിത്രമാണ് ‘പ്രേമം’. ഈ ചിത്രത്തിലൂടെയാണ് സായ് പല്ലവി, അനുപമ പരമേശ്വരന് എന്നീ മികച്ച നായികമാരെ തെന്നിന്ത്യന്‍ സിനിമയ്ക്ക് ലഭിച്ചത്. അവരുടെ കരിയറിൽ ഒരു വലിയ വഴിത്തിരിവായി മാറിയ ചിത്രം കൂടിയാണിത്. സിനിമയില്‍ അവരൊരുമിച്ച് സ്ക്രീൻ പങ്കിട്ടില്ലെങ്കിലും, അന്നുമുതല്‍ രണ്ടുപേര്‍ക്കുമിടയില്‍ വലിയൊരു സൗഹൃദമുണ്ട്.
തെന്നിന്ത്യന്‍ തിളങ്ങി നില്ക്കുന്ന അനുപമ പരമേശ്വരൻ അവസാനമായി അഭിനയിച്ച മലയാള സിനിമ പെറ്റ് ഡിറ്റക്ടീവാണ്. പിന്നാലെ വന്ന തമിഴ് ‘ബൈസൺ കാലമാടൻ’ എന്ന ചിത്രവും വിജയം നേടി. തെലുങ്ക് ചിത്രം ഭോഗിയാണ് അനുപമയുടേതായി റിലീസ് കാത്തു നില്ക്കുന്ന സിനിമ.
സായ് പല്ലവിയാണെങ്കില്‍ തെന്നിന്ത്യയില്‍ മാത്രമല്ല ‘ഏക് ദിൻ’ എന്ന ചിത്രത്തിലൂടെ ഹിന്ദി സിനിമയിലും അരങ്ങേറ്റം കുറിച്ചു.






