
നടി, അവതാരക തുടങ്ങിയ നിലകളില്‍ ശ്രദ്ധേയയായ താരമാണ് ദിവ്യദര്‍ശിനി നീലകണ്ഠന്. തമിഴകത്തെ ജനപ്രിയ അവതാരകയും അഭിനേത്രിയുമാണ് ഡിഡി എന്ന് ഏവരും സ്നേഹത്തോടെ വിളിയ്ക്കുന്ന ദിവ്യദര്‍ശിനി. ഡിഡി ഇപ്പോഴിതാ തന്റെ യാത്രകള്‍ക്ക് കൂട്ടായി പുതിയൊരു അതിഥിയെ കൂടെക്കൂട്ടിയിരിക്കുകയാണ്. ടൊയോട്ട ഇന്നോവയുടെ ഏറ്റവും പുതിയ മോഡലായ ഹൈക്രോസാണ് ദിവ്യദര്‍ശിനി നീലകണ്ഠന് വാങ്ങിയിരിക്കുന്നത്. ഡിഡിയുടെ ഗരാജിലേക്ക് വാഹനം എത്തിയ വിവരം ലാന്‍സണ്‍ ടൊയോട്ട ഡീലര്‍ഷിപ്പാണ് അവരുടെ ഇന്‍സ്റ്റഗ്രാം പേജ് വഴി പുറത്തുവിട്ടിരിക്കുന്നത്. ഹൈക്രോസിന്റെ വൈറ്റ് കളര്‍ ഓപ്ഷനാണ് താരം തെരഞ്ഞെടുത്തിരിക്കുന്നത്.
2.0 ലിറ്റര്‍, 4 സിലിണ്ടര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍, 2.0 ലിറ്റര്‍, 4-സിലിണ്ടര്‍ സ്ട്രോംഗ് ഹൈബ്രിഡ് എന്നിങ്ങനെ രണ്ട് എഞ്ചിന് ഓപ്ഷനുകളിലാണ് ഇന്നോവ ഹൈക്രോസ് ഇന്ത്യയില്‍ വിപണനത്തിന് എത്തുന്നത്. ഇതില്‍ നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിന് 173 bhp കരുത്തില്‍ പരമാവധി 209 Nm ടോര്‍ക്ക് നല്കാന് വിധമാണ് ട്യൂണ്‍ ചെയ്തിരിക്കുന്നത്. ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയ ടൊയോട്ട ഇന്നോവ ഹൈക്രോസിലെ ഹൈബ്രിഡ് എഞ്ചിന് 184 bhp പവറില്‍ 188 Nm ടോര്‍ക്ക് വരെ വികസിപ്പിക്കാന്‍ യോഗ്യമാണ്. ഇ-സിവിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായാണ് ഹൈബ്രിഡ് എഞ്ചിന് ജോടിയാക്കിയിരിക്കുന്നത്. 23.24 കിലോമീറ്ററാണ് ഹൈക്രോസില്‍ ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍ പറയുന്ന മൈലേജ്. വിശാലമായ 7-സീറ്റര്‍, 8- സീറ്റര്‍ കോണ്‍ഫിഗറേഷനുകള്‍, പ്രീമിയം ഫീച്ചറുകള്‍ എന്നിവയാണ് ഇതിലെ മെയിന്‍ ഹൈലൈറ്റ്.
ടൊയോട്ട ഇന്നോവ ഹൈക്രോസ് GX, GX(O), VX, VX(O), ZX, ZX(O) എന്നിങ്ങനെ ആറ് വേരിയന്റുകളിലാണ് ലഭ്യമാവുക. ബ്ലാക്ക്ലിഷ് അഗേഹ ഗ്ലാസ് ഫ്ലേക്ക്, സൂപ്പര്‍ വൈറ്റ്, പ്ലാറ്റിനം വൈറ്റ് പേള്‍, സില്‍വര്‍ മെറ്റാലിക്, ആറ്റിറ്റിയൂഡ് ബ്ലാക്ക് മൈക്ക, സ്പാര്‍ക്ക്ലിംഗ് ബ്ലാക്ക് പേള്‍ ക്രിസ്റ്റല്‍ ഷൈന്‍, അവന്റ് ഗാര്‍ഡ് ബ്രോണ്‍സ് മെറ്റാലിക് എന്നിവയുള്‍പ്പെടെ നിരവധി കളര്‍ ഓപ്ഷനുകളും ഇതിലുണ്ട്. അടുത്തിടെ ഹൈക്രോസ് 2 ലക്ഷം യൂണിറ്റ് വില്‍പ്പനയും ഇന്ത്യയില്‍ പൂര്‍ത്തിയാക്കിയിരുന്നു. ഇപ്പോള്‍ 19.15 ലക്ഷം മുതല്‍ 32.38 ലക്ഷം രൂപ വരെയാണ് ടൊയോട്ടയുടെ 8 സീറ്റര്‍ എംപിവിക്കായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. ടോപ്പ് എന്‍ഡ് വേരിയന്റിന് 41 ലക്ഷത്തിന് മുകളില്‍ ഓണ്‍-റോഡ് വിലയും വരും. അതേസമയം, ദിവ്യദര്‍ശിനി നീലകണ്ഠന് തെരഞ്ഞെടുത്തിരിക്കുന്നത് ഏത് വേരിയന്റാണെന്ന് വ്യക്തമല്ല.






