
ചണ്ഡീഗഡ്: ഹരിയാനയിലെ ഹാന്‍സിയില്‍ ഇന്ന് അതിരാവിലെ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്കിക്കൊണ്ടിരുന്ന 25 വയസ്സുകാരനായ ജിം ഉടമയെ ബൈക്കിലെത്തിയ രണ്ട് അക്രമികള്‍ വെടിവെച്ചുകൊന്നു. രാവിലെ 5:30 ഓടെ ദീപക് എന്ന് തിരിച്ചറിഞ്ഞ ജിം ഉടമ, ജിമ്മിന് പുറത്ത് തന്റെ വിദ്യാര്‍ത്ഥികള്‍ക്ക് വ്യായാമമുറകള്‍ പഠിപ്പിച്ചു കൊടുക്കുമ്പോഴായിരുന്നു സംഭവം.
ഈ ക്രൂരമായ കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ജിമ്മിന് പുറത്തുള്ള പടവുകളില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ അഞ്ചാറ് പേര്‍ക്ക് ദീപക് 'സ്റ്റെപ്പ്-അപ്പ്' വ്യായാമം ചെയ്തുകാണിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. ഈ സമയം ബൈക്കിലെത്തിയ രണ്ട് പേരില്‍ വെള്ള തൊപ്പി ധരിച്ചയാള്‍ ദീപക്കിന് നേരെ വെടിയുതിര്‍ക്കാന്‍ തുടങ്ങുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവര്‍ പരിഭ്രാന്തിയോടെ നിലവിളിച്ചുകൊണ്ട് ഓടിമാറി.
ദീപക്കിന് നേരെ കുറഞ്ഞത് 10 റൗണ്ടെങ്കിലും വെടിയുതിര്‍ത്ത ശേഷം അക്രമികള്‍ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. ദീപക്കിനെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പ്രതികളെ കണ്ടെത്താനുള്ള ഊര്‍ജ്ജിത ശ്രമങ്ങള്‍ നടക്കുകയാണെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.






