
തന്റെ സിനിമാ കരിയറും അഭിനയമികവും വാർത്തെടുത്ത പ്രിയ സംവിധായകൻ ഭാരതിരാജയുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി നടിയും സംവിധായികയുമായ രേവതി. തന്നിലെ നടിയെ രൂപപ്പെടുത്തിയ ഗുരുനാഥനാണ് അദ്ദേഹമെന്ന് രേവതി ഓർമ്മിച്ചു. ഭാരതിരാജ സംവിധാനം ചെയ്ത 'മൺ വാസനൈ', 'പുതുമൈ പെൺ', 'ഒരു കൈതിയിൻ ഡയറി', 'താജ്മഹൽ' എന്നീ സിനിമകളിലെ തന്റെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടായിരുന്നു രേവതിയുടെ പ്രതികരണം.
"എന്റെ കരിയറും അഭിനയവും രൂപപ്പെടുത്തിയ ഭാരതിരാജ സാറിന്റെ ഓർമ്മകൾ... മൺ വാസനൈ, പുതുമൈ പെൺ, ഒരു കൈതിയിൻ ഡയറി, ഒടുവിൽ താജ്മഹൽ. ഓരോ ചിത്രവും എന്നെ വ്യത്യസ്തമായി അഭിനയിക്കാൻ പഠിപ്പിച്ചു. ഇന്ന് ഞാൻ എന്ന നടിയെ വാർത്തെടുത്ത ഒരു അടിത്തറയായിരുന്നു അത്... എന്റെ ഗുരുവിന് ആദരാഞ്ജലികൾ," രേവതി സോഷ്യൽ മീഡിയയിൽ കുറിച്ചു.
വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെയാണ് ഭാരതിരാജയുടെ അന്ത്യം. 84 വയസ്സായിരുന്നു. ആറ് തവണ ദേശീയ പുരസ്കാരങ്ങൾ സ്വന്തമാക്കിയ അദ്ദേഹത്തെ 2004-ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്.






