
കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് സോണിയാ ഗാന്ധി, പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എന്നിവരുമായി കൂടിക്കാഴ്ച നടത്തി തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്. സോണിയാ ഗാന്ധിയുടെ ഔദ്യോഗിക വസതിയായ പത്ത് ജനപഥില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. വിജയ്ക്കൊപ്പമുളള ചിത്രങ്ങള്‍ രാഹുല്‍ ഗാന്ധി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു.
തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും ഒറ്റകക്ഷിയായി മാറിയ വിജയ്യുടെ തമിഴക വെട്രി കഴകം (ടിവികെ) കോണ്‍ഗ്രസ് അടക്കമുള്ള കക്ഷികളുടെ പിന്തുണയോടെ ആണ് ഭരണത്തിലേറിയത്. സത്യപ്രതിജ്ഞ ചടങ്ങില്‍ രാഹുല്‍ ഗാന്ധിക്ക് വേദിയില്‍ തന്നെ ഇരിപ്പടം നല്കിയതും ശ്രദ്ധേയമായിരുന്നു.
ടിവികെ മന്ത്രിസഭയില്‍ രണ്ട് കോണ്‍ഗ്രസ് അംഗങ്ങളെയും വിജയ് ഉള്‍പ്പെടുത്തിയതിന് പുറമേ, തമിഴ്നാട്ടിലെ ഏക രാജ്യസഭാ സീറ്റ് കോണ്‍ഗ്രസിന് നല്‍കുകയും ചെയ്തിട്ടുണ്ട്. അതേസമയം ദില്ലിയില്‍ മൂന്ന് ദിവസം തുടരുന്ന വിജയ്, വ്യാഴാഴ്ച നടക്കുന്ന നീതി ആയോഗ് യോഗത്തിലും പങ്കെടുക്കും.






