
ന്യൂഡൽഹി: വൻകിട വ്യാവസായിക, വാണിജ്യ, സ്ഥാപന ഉപഭോക്താക്കൾ പെട്രോൾ പമ്പുകളിൽ നിന്ന് വൻതോതിൽ പെട്രോളും ഡീസലും വാങ്ങുന്നത് തടഞ്ഞ് കേന്ദ്ര സർക്കാർ ഉത്തരവിറക്കി. സാധാരണക്കാർക്കായി നീക്കിവെച്ചിരിക്കുന്ന റീട്ടെയിൽ വിപണിയിലെ ഇന്ധനം വൻകിടക്കാർ വ്യാപകമായി വാങ്ങുന്നത് വിപണിയിൽ ക്ഷാമത്തിന് കാരണമാകുമെന്ന വിലയിരുത്തലിനെ തുടർന്നാണ് നടപടി.
പുതിയ നിയന്ത്രണ പ്രകാരം ഇത്തരം സ്ഥാപനങ്ങൾ അവശ്യമായ ഇന്ധനം പമ്പുകൾക്ക് പകരം അതത് ബൾക്ക് വിൽപന കേന്ദ്രങ്ങളിൽ നിന്ന് നേരിട്ട് വാങ്ങേണ്ടതുണ്ട്. ആദ്യഘട്ടത്തിൽ 90 ദിവസത്തേക്കാണ് ഈ താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
റീട്ടെയിൽ വിപണിയിലെയും ബൾക്ക് വിപണിയിലെയും ഇന്ധന വിലയിലുണ്ടായ വലിയ വ്യത്യാസമാണ് വൻകിട ഉപഭോക്താക്കൾ കൂട്ടത്തോടെ പെട്രോൾ പമ്പുകളെ ആശ്രയിക്കാൻ കാരണം. ഉദാഹരണത്തിന് ഡൽഹിയിൽ സാധാരണ പമ്പുകളിൽ ഒരു ലിറ്റർ ഡീസലിന് 95.20 രൂപയുള്ളപ്പോൾ, ബൾക്ക് നിരക്ക് ലിറ്ററിന് 134.50 രൂപയാണ്.
ആഗോളതലത്തിലുണ്ടായ ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ ഇന്ധന വിതരണ ശൃംഖലയെയും കപ്പൽ ഗതാഗതത്തെയും ബാധിച്ച പശ്ചാത്തലത്തിൽ, രാജ്യത്ത് ഇന്ധന ലഭ്യത തുല്യമായി ഉറപ്പാക്കാനാണ് ഈ മുൻകരുതൽ നടപടിയെന്ന് സർക്കാർ അറിയിച്ചു. പൂഴ്ത്തിവെപ്പ്, കരിഞ്ചന്ത, അനുമതിയില്ലാത്ത ഇന്ധന കൈമാറ്റം എന്നിവയ്ക്കെതിരെ കർശന നടപടിയെടുക്കാൻ പൊതുമേഖലാ എണ്ണക്കമ്പനികൾക്കും സംസ്ഥാന സർക്കാരുകൾക്കും കേന്ദ്രം നിർദ്ദേശം നൽകിയിട്ടുണ്ട്.
ഫെബ്രുവരിയിലുണ്ടായ പശ്ചിമേഷ്യൻ പ്രതിസന്ധിയെത്തുടർന്ന് ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയർന്നപ്പോഴും, സാധാരണക്കാരെ ബാധിക്കാതിരിക്കാൻ പൊതുമേഖലാ എണ്ണക്കമ്പനികൾ പമ്പുകളിലെ നിരക്ക് വർദ്ധിപ്പിച്ചിരുന്നില്ല. എന്നാൽ ടെലികോം ടവറുകൾ, വൻകിട ഫാക്ടറികൾ തുടങ്ങിയ വാണിജ്യ ഉപഭോക്താക്കൾക്ക് വിപണി നിരക്കാണ് ഈടാക്കിയിരുന്നത്. ഇതോടെ ലിറ്ററിന് 40 രൂപയോളം ലാഭിക്കാൻ വൻകിടക്കാർ പമ്പുകളിൽ നിന്ന് വൻതോതിൽ ഇന്ധനം ശേഖരിക്കാൻ തുടങ്ങി. ഇത് ചിലയിടങ്ങളിൽ അസ്വാഭാവികമായ ഡിമാൻഡ് വർദ്ധനവിനും കരിഞ്ചന്തയ്ക്കും കാരണമായി. ഈ സാഹചര്യത്തിലാണ് കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം 'മോട്ടോർ സ്പിരിറ്റ് - ഹൈ സ്പീഡ് ഡീസൽ താൽക്കാലിക വിതരണ നിയന്ത്രണ ഉത്തരവ് 2026' പുറപ്പെടുവിച്ചത്.
പുതിയ ഉത്തരവനുസരിച്ച് പമ്പുകളിൽ നിന്നുള്ള ഡീസൽ വിൽപന വാഹനങ്ങളുടെ ഇന്ധന ടാങ്കുകളിലേക്കോ, അല്ലെങ്കിൽ പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷൻ അംഗീകരിച്ച പ്രത്യേക കണ്ടെയ്നറുകളിലേക്കോ മാത്രമായി പരിമിതപ്പെടുത്തി. കൂടാതെ, ഒരു ഉപഭോക്താവിന് അല്ലെങ്കിൽ ഒരു വാഹനത്തിന് ഒരു ദിവസം പരമാവധി 200 ലിറ്റർ ഡീസൽ മാത്രമേ പമ്പുകളിൽ നിന്ന് നൽകാവൂ എന്നും, ഇങ്ങനെ വാങ്ങുന്ന ഇന്ധനം യാതൊരു കാരണവശാലും മറിച്ചു വിൽക്കാൻ പാടില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.






