
തിരുവനന്തപുരം: ബിജെപി കൗണ്‍സിലര്‍ ആര്. സുഗതനെ വധശ്രമക്കേസില്‍ അറസ്റ്റ് ചെയ്ത പോലീസ് നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ഡിജിപി ആര്. ശ്രീലേഖ രംഗത്തെത്തി. സിപഐഎം നേതാക്കള്‍ മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ അനുസരിച്ചാണ് പോലീസ് പ്രവര്‍ത്തിച്ചതെന്നും സുഗതന്റേത് ഒരു കള്ളക്കേസാണെന്നും അവര്‍ ആരോപിച്ചു.
വട്ടിയൂര്‍ക്കാവിലെ ജനങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുകയും അനീതികളെ ചോദ്യം ചെയ്യുകയും ചെയ്തതിനാണ് സുഗതനെതിരെ പോലീസ് നിരന്തരം കേസുകള്‍ എടുക്കുന്നതെന്നും ശ്രീലേഖ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് തനിക്കെതിരെയും സമാനമായ രീതിയില്‍ രണ്ട് വ്യാജ കേസുകള്‍ എടുത്തിരുന്നതായി ശ്രീലേഖ ഓര്‍മ്മിപ്പിച്ചു.
ഭരണമാറ്റം ഉണ്ടായിട്ടും പോലീസും ഉദ്യോഗസ്ഥരും ഇപ്പോഴും സിപഐഎം നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി. വെറും നാലുപേര്‍ മാത്രമുള്ള സുഗതന്റെ വീട്ടിലേക്ക് ഒരു പ്ലാറ്റൂണ്‍ സായുധ പോലീസുമായി ചെന്ന് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.
വീട്ടിലുണ്ടായിരുന്ന രണ്ട് പിഞ്ചുകുട്ടികള്‍ക്ക് നേരെ തോക്കുചൂണ്ടി ഭയപ്പെടുത്തുകയും സ്ത്രീകളെ ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു. യാതൊരു പ്രകോപനവുമില്ലാതെ, ആളുകളെ പിരിച്ചുവിടാനെന്ന വ്യാജേന മഫ്റ്റിയിലുണ്ടായിരുന്ന എസ്എച്ച്ഒ ആകാശത്തേക്ക് വെടിയുതിര്‍ത്ത് വിലകുറഞ്ഞ ഹീറോയിസം കാണിക്കുകയായിരുന്നു. സംഭവദിവസം വെടിയുതിര്‍ത്ത എസ്എച്ച്ഒ വിപിന്‍ ഒരു കമ്മ്യൂണിസ്റ്റ് പോലീസുകാരനാണെന്ന് പരസ്യമായ കാര്യമാണെന്ന് ശ്രീലേഖ ആരോപിക്കുന്നു.
വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ സിപഐഎം സ്ഥാനാര്‍ത്ഥി വി.കെ. പ്രശാന്തിന്റെ വിജയം ഉറപ്പാക്കാന്‍ വേണ്ടി മാത്രമാണ് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഇയാളെ ചെങ്ങന്നൂരില്‍ നിന്നും പ്രത്യേകമായി ഇവിടെ നിയമിച്ചതെന്നും അവര്‍ വ്യക്തമാക്കി. ഈ കാര്യങ്ങള്‍ ആഭ്യന്തരമന്ത്രി അറിയുന്നില്ലെങ്കിലും ആരോഗ്യമന്ത്രിക്ക് കൃത്യമായി അറിയാമെന്നും ശ്രീലേഖ പരിഹസിച്ചു.






