
തൃശ്ശൂർ: മുറ്റിച്ചൂരിൽ തെരുവുനായ പിന്തുടർന്നതിനെ തുടർന്ന് നിയന്ത്രണം വിട്ട് മറിഞ്ഞ സ്കൂട്ടറിൽ നിന്ന് തെറിച്ചുവീണ് വയോധിക മരിച്ചു. മുറ്റിച്ചൂർ സ്വദേശിനിയായ സുഹ്‌റ (75) ആണ് മരിച്ചത്. മുറ്റിച്ചൂർ പാലത്തിന് സമീപം കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു അപകടം.
ബന്ധുവിനൊപ്പം സ്കൂട്ടറിന്റെ പിൻസീറ്റിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന സുഹ്‌റയെ സഞ്ചരിച്ചിരുന്ന സ്കൂട്ടറിന് പിന്നാലെ തെരുവുനായ്ക്കൾ കൂട്ടത്തോടെ ഓടിയെത്തുകയായിരുന്നു. നായ്ക്കൾ പിന്തുടരുന്നത് കണ്ട് ഭയന്ന സ്കൂട്ടർ ഓടിച്ചിരുന്ന ബന്ധു വാഹനത്തിന്റെ വേഗത കൂട്ടി. ഇതോടെ സ്കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും സുഹ്‌റ റോഡിലേക്ക് തെറിച്ചുവീഴുകയും ചെയ്തു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സുഹ്‌റയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇതിനിടെ, പാലക്കാട് ഷൊർണൂരിൽ മൂന്ന് പേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. മലമ്പുഴയിലെ മൃഗസംരക്ഷണ വകുപ്പിന്റെ ലാബിൽ നടത്തിയ പരിശോധനയിലാണ് പേവിഷബാധ കണ്ടെത്തിയത്.
കഴിഞ്ഞ ഞായറാഴ്ച രാവിലെ 11 മണിയോടെ ഷൊർണൂർ മുതലിയാർ തെരുവിൽ നടന്ന സംഭവത്തിൽ ശശികല, മണികണ്ഠൻ, കൃഷ്ണരാജ് എന്നിവർക്കാണ് നായയുടെ കടിയേറ്റത്. തുടർനടപടികൾ ആരോഗ്യ-മൃഗസംരക്ഷണ വകുപ്പ് അധികൃതർ സ്വീകരിച്ചുവരികയാണ്.






