
മലപ്പുറം: പഴയ രാഷ്ട്രീയ പ്രസംഗങ്ങളിലെ പ്രയോഗങ്ങളെ അത്രത്തോളം ചര്‍ച്ചയാക്കേണ്ട കാര്യമില്ലെന്നും പി.എം.ശ്രീ പദ്ധതിയുമായി മുമ്പോട്ട് പോയേ തീരു എന്നും മന്ത്രി കെ.എം. ഷാജി. പി.എം.ശ്രീ പദ്ധതിയുമായി മുമ്പോട്ട് പോകുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന വലിയ വിവാദം ഉണ്ടാക്കിയിരിക്കുന്ന സാഹചര്യത്തിലാണ് കെ.എം. ഷാജിയുടെ പ്രതികരണം. ഭരണതുടര്‍ച്ചയുടെ ഭാഗമാണ് പദ്ധതിയെന്നും പറഞ്ഞു.
പ്രതിപക്ഷത്തായിരുന്നപ്പോള്‍ 'യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ പിഎം ശ്രീ പദ്ധതി ചവറ്റുകുട്ടയില്‍ എറിയുമെന്നും, ഗാന്ധിജിയെയും നെഹ്‌റുവിനെയും പാഠപുസ്തകങ്ങളിലേക്ക് തിരിച്ചുകൊണ്ടുവരുമെന്നും' ഷാജി പ്രസംഗിച്ചിരുന്നു. പദ്ധതിയുമായി മുന്നോട്ടുപോയേ തീരൂ എന്നും സര്‍ക്കാരുകള്‍ തുടര്‍ച്ചയാണെന്നും മുന്‍ സര്‍ക്കാര്‍ ഒപ്പുവെച്ച ചില കരാറുകള്‍ പെട്ടെന്ന് അവസാനിപ്പിക്കാന്‍ കഴിയില്ലെന്നും പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞുവെച്ചിരുന്ന സമഗ്ര ശിക്ഷാ കേരളം ഫണ്ട് തിരികെ ലഭിച്ചത് പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട കരാറില്‍ ഒപ്പുവെച്ചതിന് ശേഷമാണ്. ഒരു മാസത്തിനകത്ത് പദ്ധതിയില്‍ മാറ്റം വരുത്തുക പ്രായോഗികമല്ലെന്നും പറഞ്ഞു. അതേസമയം പിഎം ശ്രീ ഫണ്ട് ലഭിച്ചെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് എതിരേ മുന്‍ വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞത് മുഖ്യമന്ത്രിയുടെ പ്രസ്താവന വസ്തുതാവിരുദ്ധമാണ് എന്നായിരുന്നു.
പിഎം ശ്രീ നടപ്പിലാക്കാന്‍ കേന്ദ്രത്തില്‍ നിന്ന് യാതൊരുവിധ ആനുകൂല്യങ്ങളും സംസ്ഥാന സര്‍ക്കാര്‍ കൈപ്പറ്റിയിട്ടില്ല. കേന്ദ്രത്തില്‍ നിന്ന് അനുവദിച്ച 99 കോടി രൂപ പൂര്‍ണ്ണമായും സമഗ്ര ശിക്ഷാ കേരളം പദ്ധതിയുടെ ഭാഗമാണ്. ഇതിന് പിഎം ശ്രീയുമായി യാതൊരു ബന്ധവുമില്ല. കോടതിയെ സമീപിക്കുമെന്ന ഘട്ടമെത്തിയപ്പോഴാണ് കേന്ദ്രം ഫണ്ട് അനുവദിച്ചതെന്നും വി.ശിവന്‍കുട്ടി പറഞ്ഞു.






